സ്പോർട്സ്

നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനെ വിലക്കി ഫിഫ


ദില്ലി: ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ലോക ഫുട്ബാള്‍ ഭരണസമിതി വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിത ലോകകപ്പ് അനിശ്ചിതത്വത്തിലായി.

അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുണ്ടായ ഇടപെടലാണ് വിലക്കിനു കാരണം. എ.ഐ.എഫ്.എഫിന് സുപ്രീംകോടതി ഒരു താല്‍ക്കാലിക ഭരണസമിതി വച്ചിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് വനിത ലോകകപ്പ് നടക്കുന്നത്. 2020ല്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയുമായിരുന്നു. ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.

എ.എഫ്‌.സി വനിത ക്ലബ് ചാമ്ബ്യന്‍ഷിപ്പ്, എ.എഫ്‌.സി കപ്പ്, എ.എഫ്‌.സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളിലും ഇന്ത്യന്‍ ക്ലബുകള്‍ക്ക് പങ്കെടുക്കാനാകില്ല. 2020ല്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനു പിന്നാലെ എ.ഐ.എഫ്.എഫിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം താറുമാറായതിനു പിന്നാലെയാണ് നടത്തിപ്പിന് സുപ്രീംകോടതി താല്‍കാലിക ഭരണസമിതിയെ നിയോഗിച്ചത്.

മുന്‍ ജസ്റ്റിസ് അനില്‍ ആര്‍ ദവെ, ഡോ. എസ്.വൈ. ഖുറേഷി, മുന്‍ ഇന്ത്യന്‍ താരം ഭാസ്കര്‍ ഗാംഗുലി എന്നിവരടങ്ങുന്ന ഭരണസമിതിയെയാണ് സുപീംകോടതി നിയോഗിച്ചത്. ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഫിഫ ഇടപെട്ടിരുന്നു. ഫിഫയുടെ നയങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഫുട്ബാള്‍ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടര്‍ -17 വനിത ലോകകപ്പ് വേദി മാറ്റുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിന്നാലെയാണ് ഫിഫയുടെ നടപടി. ഈ മാസം 28ന് തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീംകോടതിയുടെ വിധി. ദൈനംദിന കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണം എ.ഐ.എഫ്.എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് നിലനില്‍ക്കുമെന്ന് ഫിഫ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button