കൊക്കകോളയിൽ ആരോഗ്യത്തിന് ഹാനികരമായ ലോഹ ഘടകങ്ങൾ; വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ എഫ് ഡി എ നിർദേശം

വാഷിങ്ടൺ ഡിസി : ആരോഗ്യത്തിന് ഹാനികരമായ ലോഹ ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊക്കകോളയുടെ മൂന്ന് ഉൽപന്നങ്ങൾ വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ യു.എസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) നിർദേശം നൽകി. കൊക്കകോള സീറോ ഷുഗർ, കൊക്കകോള, സ്പ്രൈറ്റ് എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. തിരിച്ചുവിളിക്കുന്ന കാനുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
ഒക്ടോബർ മൂന്ന് മുതലാണ് കമ്പനി ഉൽപന്നങ്ങൾ യു.എസ് മാർക്കറ്റിൽനിന്ന് തിരിച്ചുവിളിക്കാൻ ആരംഭിച്ചത്. ഉൽപന്നങ്ങളിൽ കണ്ടെത്തിയ മാലിന്യം താൽക്കാലിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് എഫ്.ഡി.എ വ്യക്തമാക്കിയത്. തുടക്കത്തിൽ ഗുരുതരമായി ബാധിക്കില്ലെങ്കിലും പിന്നീട് ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും.
യു.എസിലെ ടെക്സാസിൽ വിറ്റ ഉൽപന്നങ്ങൾ മാത്രമാണ് തിരിച്ചുവിളിക്കുന്നത്. 4,000 യൂണിറ്റ് കൊക്കകോള ഉൽപന്നങ്ങളെ നടപടി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഇതാദ്യമായല്ല മാലിന്യ ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊക്കകോള ഉൽപന്നങ്ങൾ തരിച്ചു വിളിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിലും സമാന രീതിയിൽ കമ്പനി നടപടി നേരിട്ടിരുന്നു.



