ദേശീയം

കർഷക പ്രക്ഷോഭം: മാർച്ച് 10ന്‌ രാജ്യവ്യാപക ‘ട്രെയിൻതടയൽ’ പ്രഖ്യാപിച്ച് കർഷക സംഘടനകൾ

ന്യൂഡൽഹി : കർഷക പ്രക്ഷോഭത്തിന്‌ ജനപിന്തുണതേടി ഈ മാസം 10ന്‌ രാജ്യവ്യാപകമായി നാലുമണിക്കൂർ ‘ട്രെയിൻതടയൽ’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ കിസാൻ മസ്‌ദൂർ മോർച്ച. പ്രതിഷേധം ശക്തമാക്കാൻ കർണാടകം, മധ്യപ്രദേശ്‌, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ബുധനാഴ്‌ചയോടെ ഡൽഹിയിലേക്കെത്തും. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ശംഭു, ഖനൗരി, ഡബ്‌വാലി അതിർത്തികളിൽ തുടരും- കിസാൻ മസ്‌ദൂർമോർച്ച കോ ഓർഡിനേറ്റർ സർവാൻസിങ്‌ പാന്ഥർ അറിയിച്ചു.

കർഷകപ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്‌കരൺസിങ്ങിന്റെ അന്തിമോപചാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷമായിരുന്നു പ്രഖ്യാപനം. താൽക്കാലികമായി നിർത്തിവച്ചിട്ടുള്ള ‘ഡൽഹി ചലോ മാർച്ച്‌’ പഞ്ചാബ്‌-ഹരിയാന അതിർത്തിയിൽ പ്രതിഷേധം ശക്തമാക്കും. ‘ഹരിയാന സർക്കാർ ഞങ്ങൾക്കുനേരെ കണ്ണീർവാതകഷെല്ലുകളും റബർബുള്ളറ്റുകളും പ്രയോഗിച്ചു. ഫെബ്രുവരി 21ന്‌ ശുഭ്‌കരൺസിങ്ങിനെ അവർ കൊലപ്പെടുത്തി. കർഷകർക്ക്‌ ഡൽഹിയിലേക്ക്‌ ട്രാക്ടറുകളിൽ പോകേണ്ട കാര്യമില്ലെന്നും ട്രെയിനുകളിലും ബസുകളിലും പോയാൽ മതിയെന്നുമാണ്‌ കേന്ദ്രസർക്കാർ പറയുന്നത്‌.

അതുകൊണ്ട്‌, പഞ്ചാബും ഹരിയാനയും ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ കർഷകർ ബുധനാഴ്‌ച മുതൽ ബസുകളിലും ട്രെയിനുകളിലും ഡൽഹിയിലേക്ക്‌ എത്തും. അതിന്‌ അനുവദിക്കുമോയെന്ന്‌ നോക്കാം. ഫെബ്രുവരി 13ന്‌ കർണാടകം, മധ്യപ്രദേശ്‌, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക്‌ തിരിച്ചിരുന്നു. എന്നാൽ, അവരെ മുഴുവൻ വഴിയിലോ വീട്ടിലോ തടഞ്ഞു. ഇക്കുറി അവരെ തടഞ്ഞാൽ കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരം വെളിപ്പെടും. അതേസമയം, അതിർത്തികളിലെ പ്രക്ഷോഭങ്ങൾ അവകാശങ്ങൾ നേടിയെടുക്കുംവരെ ശക്തമായി തുടരും’–- സർവൻസിങ്‌ പാന്ഥർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button