അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്നവർ അറിഞ്ഞിരികേണ്ട യാഥാർത്ഥ്യങ്ങൾ

ഡബ്ലിൻ : വിമാനത്തിലെ ബാഗേജ് പരിധിയേക്കാൾ ഭാരമുള്ള വിദ്യാഭ്യാസ വായ്പകൾ, കാലാവസ്ഥയേക്കാൾ പ്രവചനാതീതമായ ഭാവി, വിസ കാലാവധിയേക്കാൾ മുറുക്കമുള്ള തൊഴിൽ വിപണി- ഇതാണ് അയർലാൻഡിൽ പഠനത്തിനെത്തിയ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ. സ്വപ്നങ്ങൾ നിറഞ്ഞ സ്യൂട്ട്കേസുകളുമായി അയർലണ്ടിൽ വന്നിറങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ന് കടുത്ത ഉത്കണ്ഠയിലും ഭയത്തിലുമാണ്. ചിലപ്പോൾ ഇത് വംശീയതയിലേക്കും മരണ ഭീഷണിയിലേക്കും വരെ നീങ്ങുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും വേഗത്തിൽ വളരുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി അയർലൻഡ് നിശബ്ദമായി ഉയർന്നുവന്നിട്ടുണ്ട്. യുഎസ് വിസ സമ്പ്രദായം കൂടുതൽ അസ്ഥിരമാവുകയും യുകെ പഠനാനന്തര ജോലി റൂട്ടുകൾ അടച്ചുപൂട്ടുകയും ചെയ്തതോടെ, ഇംഗ്ലീഷ് സംസാരിക്കുന്ന, യൂറോപ്യൻ ഭാഷ സംസാരിക്കുന്ന, ആഗോള ടെക് ഭീമന്മാരുടെ പ്രാദേശിക ആസ്ഥാനമുള്ള അയർലൻഡ് സുരക്ഷിതമായ ഒരു മാർഗമായി വിലയിരുത്തപ്പെടുകയായിരുന്നു.
അയർലാണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 30 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിനപ്പുറത്തെ യാഥാർത്ഥ്യമാണ് അയർലാണ്ടിൽ പോയ പല വിദ്യർത്ഥികളും ഇപ്പോൾ പങ്കുവെക്കുന്നത്.
മിക്ക ഇന്ത്യൻ വിദ്യാർത്ഥികൾക്കും അയർലാണ്ട് ആദ്യ ചോയ്സ് ആയിരുന്നില്ല. പക്ഷേ അത് ക്രമേണ അവസാനത്തെ പ്രായോഗികമായ ഒന്നായി മാറി. യുഎസിലെ അനിശ്ചിതത്വങ്ങൾ വർദ്ധിച്ച് വന്നു, യുകെ തിരക്കേറിയതും ചെലവേറിയതുമായിരുന്നു, കാനഡ ഇതിനകം തന്നെ സമ്മർദ്ദത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു.
കാനഡയിലെ തൊഴിൽ പ്രതിസന്ധി, യുകെയിലെ പണപ്പെരുപ്പം, യുഎസിലെ വംശീയത എന്നിവ കണക്കിലെടുക്കുമ്പോൾ അയർലൻഡ് സുരക്ഷിതമായ ഒരു ഓപ്ഷനായി കാണപ്പെട്ടുവെന്നാണ് വിദ്യാർത്ഥികളിൽ പലരും പറയുന്നത്. കുറഞ്ഞ ട്യൂഷൻ ഫീ, കുറഞ്ഞ ജീവതച്ചെലവ് തുടങ്ങിയ വാഗ്ദാനങ്ങളിലും വിദ്യാർത്ഥഇകൾ ആകർഷിക്കപ്പെട്ടു.
അയർലാണ്ടിലെത്തുന്ന മിക്ക വിദ്യാർത്ഥികളും വലിയ വായ്പയെടുത്താണ് വരുന്നത്. ഇത് വലിയ മാനസിക സമ്മർദ്ദങ്ങളിലേക്കാണ് വിദ്യാർത്ഥികളെ എത്തിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാനായി പാർട്ട് ടൈം ജോലികൾ ചെയ്യേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും മാനസിക നിലയെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഉയർന്ന പലിശ നിരക്കിലുള്ള വായ്പ അടച്ച് തീർക്കുന്നതിൽ മാത്രമായിരിക്കും പലരുടെയും ശ്രദ്ധ. അത് വലിയ മാനസിക പ്രതിസന്ധി സൃഷ്ടിക്കും .3,200 ജോലികൾക്ക് അപേക്ഷിച്ചിട്ടും ലഭിച്ചത് വെറും 5 അഭിമുഖങ്ങൾ മാത്രമാണെന്ന് ഐഷ എന്ന വിദ്യാർത്ഥിനി പറയുന്നു.
അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, തൊഴിൽ പോരാട്ടം അഭിമുഖത്തിന് വളരെ മുമ്പുതന്നെ ആരംഭിക്കുകയും പലപ്പോഴും അത് സംഭവിക്കുന്നതിന് മുമ്പുതന്നെ അവസാനിക്കുകയും ചെയ്യുന്നു. ജോലി ലഭിക്കാത്തതിൻറെ പ്രധാന കാരണം സ്പോൺസർഷിപ്പാണ്. റിക്രൂട്ട്മെന്റുകൾ യോഗ്യതകളുടെ അടിസ്ഥാനത്തിലല്ലെന്നും വിസ ആവശ്യകതകളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അതിനാൽ തങ്ങളുടെ പ്രൊഫൈലുകൾ നിരസിക്കുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മോശം തൊഴിൽ വിപണിയാണിത്. രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് എളുപ്പമായിരുന്ന കാര്യങ്ങൾ ഇന്ന് അങ്ങേയറ്റം കഠിനമാണ്. നിങ്ങൾക്ക് അസാമാന്യമായ കഴിവും ഭാഗ്യവും ഉണ്ടെങ്കിൽ മാത്രമേ രക്ഷയുള്ളൂ എന്ന ഡാറ്റ സയൻസ് പഠിച്ച ആര്യൻ പറയുന്നു.
അയർലണ്ടിലെ താമസ ക്ഷാമം വിദ്യാർത്ഥികൾക്ക് ഒരു ദൈനംദിന പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഒരു തീപ്പെട്ടി വലിപ്പമുള്ള മുറിയുടെ വാടക 70,000 മുതൽ 80,000 രൂപ വരെയാണ്. ഇതിനു പുറമെ ഡബ്ലിൻ പോലുള്ള നഗരങ്ങളിൽ വംശീയ അധിക്ഷേപങ്ങളും വർധിച്ച് വരുന്നുണ്ട്. പട്ടാപ്പകൽ വരെ നടക്കുന്ന മോഷണങ്ങളും ആക്രമണങ്ങളും വിദ്യാർത്ഥികളെ വലിയ തോതിൽ ഭയത്തിലാക്കുന്നുണ്ട്. കൊലവിളികൾ വരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കബീർ എന്ന വിദ്യാർത്ഥി പറയുന്നു.
കടക്കെണിയിലായതിനാൽ ഇന്ത്യയിലേക്ക് തിരിച്ചുപോവുക എന്നത് പലർക്കും അസാധ്യമാണ്. അയർലാൻഡിലെ ഏകാന്തതയും തണുത്ത കാലാവസ്ഥയും പലരെയും വിഷാദരോഗങ്ങളിലേക്കും തള്ളിവിടുന്നുണ്ട്. ഇന്ത്യയിലെ തൊഴിൽ വിപണിയും വളരെ മത്സരാധിഷ്ഠിതമാണെന്നും കടബാധ്യതകൾ തൂങ്ങിയാടുന്ന വാളുകളായി നിൽക്കുമ്പോൾ മറ്റ് മാർഗങ്ങൾ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നതായും വിദ്യാർത്ഥികൾ പറയുന്നു.
അയർലാൻഡിലേക്ക് വരാൻ ആഗ്രഹിക്കുന്നവരോട് ഈ വിദ്യാർത്ഥികൾക്ക് പറയാനുള്ളത് അവരുടെ അനുഭവത്തിൻറെ പാഠങ്ങൾ മാത്രമാണ്. പ്രവണതകളെ അന്ധമായി പിന്തുടരാതെ യാഥാർത്ഥ്യം മനസിലാക്കി മാത്രം തീരുമാനമെടുക്കുക. എത്ര ശ്രമിച്ചാലും ഭാഗ്യമോ യൂറോപ്യൻ യൂണിയൻ പാസ്പോർട്ടോ ഇല്ലെങ്കിൽ ജോലി കിട്ടില്ല എന്ന് അറിയുക. ആളുകൾ ഇത് വായിച്ച് ബോധപൂർവമായ ഒരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാർത്ഥികൾ പറയുന്നു.



