യൂറോപ്യൻ യൂണിയൻ വാർത്തകൾ
പോളണ്ടിൽ എയർഷോ റിഹേഴ്സലിനിടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു

വാർസോ : മധ്യ പോളണ്ടിലെ റാഡോമിൽ എയർഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണ് പോളിഷ് സൈന്യത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു. വാർത്ത സ്ഥിരീകരിച്ച പോളണ്ടിന്റെ ഉപപ്രധാനമന്ത്രി വ്ലാഡിസ്ലാവ് കോസിനിയാക് കാമിസ് വ്യോമസേനയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് അറിയിച്ചു. അപകടകാരണം വ്യക്തമല്ല.
‘‘എഫ് 16 വിമാനാപകടത്തിൽ, പോളിഷ് സൈന്യത്തിലെ പൈലറ്റ് മരിച്ചു. രാജ്യത്തെ എപ്പോഴും സമർപ്പണത്തോടെയും വലിയ ധൈര്യത്തോടെയും സേവിച്ച ഒരു ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. വ്യോമസേനയ്ക്കും മുഴുവൻ പോളിഷ് സൈന്യത്തിനും ഇത് വലിയ നഷ്ടമാണ്’’ – വ്ലാഡിസ്ലാവ് കോസിനിയാക് കാമിസ് എക്സിൽ കുറിച്ചു.