അന്തർദേശീയം

ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളില്‍ സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം

ടെല്‍ അവീവ് : ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്‌ഫോടനം. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ ആളപായമില്ല എന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. സംഭവത്തില്‍ പൊലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

രണ്ടുബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

സ്‌ഫോടനം നടന്നതും നിര്‍വീര്യമാക്കിയതുമുള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടക്കുന്നുണ്ട്. കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍ക്ക് വെസ്റ്റ്ബാങ്കില്‍ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്‌ഫോടകവസ്തുക്കളുമായി സാമ്യമുണ്ടെന്ന് പൊലീസ് വക്താവ് ഹെയിം സര്‍ഗോഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button