യുഎഇയിലും ഖത്തറിലും സ്ഫോടനങ്ങൾ

ദോഹ : ചൊവ്വാഴ്ച പുലർച്ചെ ദുബായിലും ഖത്തർ തലസ്ഥാനമായ ദോഹയിലും വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. മിസൈൽ ഭീഷണിയുള്ളതിനാൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ദുബായ് ഭരണകൂടം ജനങ്ങൾക്ക് മൊബൈൽ സന്ദേശം അയച്ചു.
യുഎഇയിലെ ഫുജൈറയിൽ നിന്ന് 23 നോട്ടിക്കൽ മൈൽ അകലെ ഒരു ടാങ്കർ കപ്പലിന് നേരെ അജ്ഞാത മിസൈൽ ആക്രമണമുണ്ടായി. കൂടാതെ, ഇറാനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ദുബായിൽ കേട്ട സ്ഫോടനങ്ങൾ വ്യോമ പ്രതിരോധ സേനയുടെ ‘ഇന്റർസെപ്ഷൻ’ (ശത്രു മിസൈലുകളെ തകർക്കൽ) നടപടികൾ മൂലമാണെന്ന് ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ജനങ്ങൾ സുരക്ഷിതരായിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും ശക്തമായ ഡ്രോൺ-റോക്കറ്റ് ആക്രമണം ഉണ്ടായി. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കുറഞ്ഞത് അഞ്ച് ഡ്രോണുകളെങ്കിലും ഈ ആക്രമണത്തിൽ പങ്കെടുത്തതായാണ് വിവരം.
ഇറാനിലെ വിവിധ കേന്ദ്രങ്ങളിലും ലെബനനിലെ ഹിസ്ബുള്ള താവളങ്ങളിലും ഇസ്രായേൽ കടുത്ത ബോംബാക്രമണം തുടരുന്നു. കുറഞ്ഞത് മൂന്നാഴ്ച കൂടി യുദ്ധം തുടരാനുള്ള വിശദമായ പദ്ധതികൾ തയ്യാറാക്കിയതായി ഇസ്രായേൽ പ്രഖ്യാപിച്ചു.
ഇസ്രായേലിന്റെ “നിയമവിരുദ്ധമായ അധിനിവേശത്തിന്” കീഴടങ്ങില്ലെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിച്ചു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ മൂലം തങ്ങളുടെ പൗരന്മാർ വലിയ അപകടത്തിലാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.



