അപരിചിതനെ വാഹനത്തിൽ കയറ്റി; സൗദി അറേബ്യയിലെ പ്രവാസി മലയാളിക്ക് ജയിൽ വാസത്തിന് പുറമെ ജോലിയും നഷ്ടമായി

റിയാദ് : അപരിചിതനായ വ്യക്തിയെ വാഹനത്തിൽ കയറ്റിയ പത്തനംതിട്ട ജില്ലയിലെ ആറന്മുള സ്വദേശി പ്രസാദ് കുമാറിന് നേരിടേണ്ടി വന്നത് സമാനതകൾ ഇല്ലാത്ത ദുരനുഭവങ്ങളാണ്. ജയിൽ വാസത്തിന് പുറമെ പ്രസാദിന് ജോലി നഷ്‍ടമാകുകയും ചെയ്തു. 11 വർഷത്തെ സർവീസ് മണി പോലും നൽകാതെയാണ് പ്രവാസി മലയാളിയെ കമ്പനി പിരിച്ചു വിട്ടത്.
ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രസാദ്. റോഡരുകിൽ സഹായം അഭ്യർത്ഥിച്ച ഒരു യമൻ പൗരനെ ഇയാൾ വാഹനത്തിൽ കയറ്റി.
യാത്രക്കിടെ വഴിയിൽ വെച്ച് പൊലീസ് വാഹനം പരിശോധിക്കുകയും യമനിയുടെ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇയാളുടെ കൈവശം ഇല്ലായിരുന്നു. ഇയാൾ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതാണെന്ന് കണ്ടെത്തിയ സൗദി പൊലീസ് യമനിയെയും പ്രസാദ് കുമാറിനെയും കസ്റ്റഡിയിലെടുത്തു.
അനധികൃതമായി രാജ്യത്തു എത്തിയ ആൾക്ക് സഹായം നൽകി എന്ന കുറ്റത്തിനാണ് പ്രസാദിനെ ജയിലിൽ അടച്ചത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിൽ തിരികെയെത്തിയ പ്രസാദ് കുമാറിനെ കാത്തിരുന്നത് വലിയ തിരിച്ചടി ആയിരുന്നു.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 പ്രകാരം കമ്പനിയുടെ വാഹനം ഉപയോഗിച്ച് ആളുകളെ കയറ്റി ടാക്സി സർവീസ് നടത്തിയെന്ന് അരോപിച്ച് കമ്പനി പ്രസാദിനെ പിരിച്ചു വിട്ടു. ബാക്കി ശമ്പളവും സർവീസ് മണിയും നൽകാതെയാണ് കമ്പനി പ്രവാസി മലയാളിയെ പുറത്താക്കിയത്.
തുടർന്ന് പ്രസാദ് സന്നദ്ധ സംഘടനകളെ സമീപിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. പ്രസാദിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളി സംഘടനാ നൽകുകയും ചെയ്തു. ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്.
രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തിൽ കയറ്റിയതിന്റെ പേരിൽ നിരവധി പേർ ഇത്തരത്തിൽ പൊലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് പ്രവാസികൾ പറയുന്നത്.



