യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുഎസിന്റെ ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല : യൂറോപ്യൻ രാഷ്ട്രങ്ങൾ

പാരീസ് : ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള എണ്ണ-വാതക വിതരണത്തിൽ നിർണ്ണായകമായ ഈ ജലപാതയിൽ യാതൊരുവിധ സൈനിക നീക്കങ്ങളിലും പങ്കാളികളാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജർമ്മനി വ്യക്തമാക്കി. യുദ്ധത്തെ നേരത്തെ എതിർത്ത സ്പെയിനും ഈ ഭാഗത്ത് സൈനിക നീക്കത്തിനില്ലെന്ന് പറഞ്ഞു. ഇറാൻ്റെ ഭീഷണി നേരിടാൻ സൈനിക സഹായം നൽകണമെന്ന ട്രംപിന്റെ ആവശ്യത്തോട് മറ്റ് യൂറോപ്യൻ രാജ്യങ്ങളും അനുകൂലിച്ച് രംഗത്ത് വന്നില്ല.

പ്രശ്നപരിഹാരത്തിന് നയതന്ത്ര ചർച്ചകളാണ് ശരിയായ വഴിയെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പ്രതികരിച്ചു. നിലവിൽ ഇറ്റലി പങ്കാളികളായ നാവിക ദൗത്യങ്ങളൊന്നും ഈ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ നിലപാടാണ് ഗ്രീസും സ്വീകരിച്ചിത്. ഹോർമുസ് കടലിടുക്കിലെ ഒരു സൈനിക പ്രവർത്തനത്തിലും തങ്ങൾ ഭാഗമാകില്ലെന്ന് ഗ്രീക്ക് സർക്കാർ വക്താവ് ഔദ്യോഗികമായി അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വിഷയത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. ഇറാനുമായി ഒരു വിപുലമായ യുദ്ധത്തിലേക്ക് നീങ്ങാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ കടലിടുക്ക് തുറക്കുന്നതിനായി സഖ്യകക്ഷികളുമായി ചേർന്ന് പ്രായോഗികമായ പദ്ധതിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ആവശ്യം “അവ്യക്തമായ ക്ഷണം” എന്ന് വിശേഷിപ്പിച്ച ഡെന്മാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്‌മുസെൻ, ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ, അംഗരാഷ്ട്രങ്ഹളുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button