യൂറോപ്പില്‍ ശൈത്യസമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
മാൾട്ട:യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 30നു ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്.
ജര്‍മനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിടിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിനു നീളക്കുറവായിരിക്കും (വൈകി നേരം വെളുക്കുന്നതും നേരത്തെ ഇരുള് പടരുന്നതും) എന്നതാണ് ഇതിന്റെ അടിസ്ഥാനം.
വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം. ഇതു അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. ഇതുപോലെ സമ്മര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ മാര്‍ച്ച് മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിയാണ് സമ്മര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. രാത്രിയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് ചിട്ടപ്പെടുത്തുന്നത്.
ശൈത്യത്തില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്, അയര്‍ലൻഡ് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്. ഇനി 2023 മാര്‍ച്ച് 26 നാണ് സമ്മര്‍ സമയം ക്രമീകരിക്കുന്നത്. എന്നാല്‍, 2021 ല്‍ ഈ ക്രമീകരണം നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ വ്യക്തമാക്കിയെങ്കിലും വിഷയത്തിന്റെ തീരുമാനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പലപ്പോഴും നിര്‍ത്തുമെന്നുള്ള സൂചന ഉയരുന്നുണ്ടെങ്കിലും പ്രാബല്യത്തിൽ വരുന്നില്ല.