യൂറോപ്പിൽനിന്നുള്ള മദ്യ ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തും : ട്രംപ്

ഒട്ടാവ : യൂറോപ്പിൽനിന്നുള്ള മദ്യ ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണി. അലുമിനിയം, സ്റ്റീൽ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം നികുതി ബുധനാഴ്‌ച നിലവിൽ വന്നു. പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ യുഎസ് ഉൽപ്പന്നങ്ങൾക്ക് പുതിയ തീരുവ ചുമത്തിയതിന്റെ പ്രതികാരമായാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ വിസ്‌കിക്ക് 50 ശതമാനം ചുങ്കം ഏർപ്പെടുത്താനുള്ള തീരുമാനവുമായി ഇയു മുന്നോട്ടുപോയാൽ ഫ്രാൻസ് ഉൾപ്പെടെ ഇയു രാഷ്ട്രങ്ങളിൽനിന്നുള്ള വീഞ്ഞ്, ഷാംപെയ്‌ൻ അടക്കമുള്ള മദ്യത്തിന് ഭീമൻ നികുതി ചുമത്തുമെന്നാണ് ഭീഷണി.
രണ്ടാംവട്ടം അധികാരത്തിൽ എത്തിയ ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. കാനഡയ്‌ക്കും മെക്‌സിക്കോക്കും ചൈനക്കും 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. തിരിച്ചും ചുങ്കം പ്രഖ്യാപിച്ച കാനഡയിൽനിന്നുള്ള പ്രത്യേക ഉൽപ്പന്നങ്ങൾക്ക് ചുങ്കം ഇരട്ടിയാക്കുമെന്നും ഭീഷണിയുണ്ട്. അമേരിക്കയിൽനിന്നും ട്രംപിൽനിന്നും ലോകത്ത് ഒരു രാഷ്ട്രവും സുരക്ഷിതരല്ലെന്ന് കാനഡ വിദേശ മന്ത്രി മെലാനി ജോളി പ്രതികരിച്ചു. ഏറ്റവും അടുത്ത സുഹൃത്തും വ്യാപാര പങ്കാളിയുമായ കാനഡയോട് ട്രംപ് ഇത്ര കടുത്ത ശത്രുതാ മനോഭാവം സ്വീകരിക്കുമ്പോൾ മറ്റ് രാജ്യങ്ങളുടെ അവസ്ഥ എന്താകുമെന്നും അവര്‍ ചോദിച്ചു.