ഇപിഎസ് പെൻഷൻ ഇന്ത്യയിൽ എവിടെ നിന്നും , പ്രയോജനം ലഭിക്കുക 78 ലക്ഷത്തിലധികംപേർക്ക്

ന്യൂഡൽഹി: ഇ.പി.എസ് പെൻഷൻ പദ്ധതിയിൽ (1995) അംഗമായവർക്ക് 2025 ജനുവരി ഒന്നുമുതൽ രാജ്യത്തെ ഏത് ബാങ്കിന്റെയും ഏതു ശാഖയിലൂടെയും പെൻഷൻ ലഭിക്കും. ഇ.പി.എസ് പെൻഷൻ കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് (സി.പി.പി.എസ് ) സംവിധാനത്തിൽ വന്നതോടെയാണിത്. 78 ലക്ഷത്തിലധികം ഇ.പി.എസ് പെൻഷൻകാർക്ക് പ്രയോജനമാകും.
വിരമിച്ച വ്യക്തിയുടെ സ്ഥലം, ബാങ്ക് അല്ലെങ്കിൽ ബ്രാഞ്ച് മാറുന്ന സാഹചര്യങ്ങളിൽ പെൻഷൻ പേയ്‌മെന്റ് ഓർഡറുകൾ (പി.പി.ഒ) ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ടതില്ല. ഇന്ത്യയിൽ എവിടെ നിന്നും പെൻഷൻ ലഭിക്കും. വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നവർക്കും ആശ്വാസമാകും. വിരമിക്കുമ്പോൾ തിരിച്ചറിയൽ പരിശോധനയ്‌ക്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതില്ല. പെൻഷൻ റിലീസ് ആയ ഉടൻ ക്രെഡിറ്റ് ആകും. പെൻഷൻ വിതരണത്തിലെ ചെലവു കുറയുമെന്നും ഇ.പി.എഫ്.ഒ പ്രതീക്ഷിക്കുന്നു. ഇ.പി.എഫ്.ഒയുടെ ഐടി നവീകരണ പദ്ധതിയായ സെൻട്രലൈസ്ഡ് ഐ.ടി എനേബിൾഡ് സംവിധാനത്തിന്റെ ഭാഗമായി ഈ സൗകര്യം 2025 ജനുവരി 1ന് ആരംഭിക്കും. അടുത്ത ഘട്ടത്തിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റിലേക്ക് മാറും.