ഇംഗ്ലണ്ടിന്റെ മുൻ ഫുട്‌ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന് നൈറ്റ്ഹുഡ് പുരസ്‌കാരം

ലണ്ടൻ : ഇംഗ്ലണ്ടിന്റെ മുൻ ഫുട്‌ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന് നൈറ്റ്ഹുഡ് പുരസ്‌കാരം. ചാൾസ് രാജാവിന്റെ 76–ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുറത്തുവിട്ട പുരസ്കാരപ്പട്ടികയിലാണ് ബെക്കാം ഇടംപിടിച്ചത്. ചൊവ്വാഴ്ച ബെർക്ക്‌ഷെയറിൽ നടന്ന ചടങ്ങിൽ ചാൾസ് രാജാവ് നൈറ്റ് പദവി നൽകി ആദരിച്ചു.
കായിക മേഖലയിലും ജീവകാരുണ്യരംഗത്തും നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. നൈറ്റ്ഹുഡ് പുരസ്‌കാരം നേടിയാൽ പേരിനുമുന്നിൽ സർ പദവിക്ക് അർഹനാകും. ഇംഗ്ലണ്ടിനുവേണ്ടി 115 മത്സരം കളിച്ച ബെക്കാം ഏറെക്കാലം ടീമിനെ നയിച്ചു. മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ് എന്നീ ക്ലബ്ബുകളിലെ പ്രധാനതാരമായിരുന്നു.
നിലവിൽ ഇന്റർ മിയാമിയുടെ സഹഉടമയാണ് ബെക്കാം. 1992 ൽ 17 വയസ്സുള്ളപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അരങ്ങേറ്റം കുറിച്ച ബെക്കാം, ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും, രണ്ട് തവണ എഫ്‌എ കപ്പും, രണ്ട് തവണ എഫ്‌എ ചാരിറ്റി ഷീൽഡും 1999ൽ ചാമ്പ്യൻസ് ലീഗും നേടി. റയൽ മാഡ്രിഡിനൊപ്പം നാല് സീസണുകൾ കളിച്ച ബെക്കാം അവസാന സീസണിൽ ലാ ലിഗയും നേടി. 1996 സെപ്തംബർ 1 ന് 21 വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. ആറ് വർഷം ക്യാപ്റ്റനുമായിരുന്നു. അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ബെക്കാം പ്രതികരിച്ചു.



