മാൾട്ട തൊഴിൽത്തട്ടിപ്പ് : എബ്രോഡ് സ്റ്റഡി പ്ലാൻ ഏജൻസിക്കെതിരെ ഇന്ത്യയിൽ കുറ്റപത്രം
മാള്‍ട്ട തൊഴില്‍ത്തട്ടിപ്പുമായി ബന്ധപ്പെട്ട് തൊഴില്‍ ഏജന്‍സിക്കെതിരെ ഇന്ത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാള്‍ട്ടയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 6000 യൂറോ മുതല്‍ തട്ടിച്ച തൊഴില്‍ ഏജന്‍സി എബ്രോഡ് സ്റ്റഡി പ്ലാനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇന്ത്യയില്‍ വഞ്ചനാക്കുറ്റം ചുമത്തിയത്. അനില്‍ കുമാര്‍ ഘണ്ട ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.
ഏജന്‍സിയുമായി ബന്ധമുള്ള ജി സുനില്‍ കുമാറും സി നവ്യശ്രീയും അറസ്റ്റിലായതായി ടൈംസ് ഓഫ് ഇന്ത്യ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഘണ്ട ഇന്ത്യയിലാണോ എന്ന് വ്യക്തമല്ല. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത സമീപകാല വീഡിയോകളില്‍, ജോര്‍ജിയയിലാണെന്ന് ഘണ്ട അവകാശപ്പെട്ടു, ഇനി യൂറോപ്പ് ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികളുടെ ലക്ഷ്യസ്ഥാനമായി ജോര്‍ജിയ പ്രമോട്ട് ചെയ്യുന്ന തരത്തിലാണ് വീഡിയോ. ഇന്ത്യന്‍ നഗരമായ ഹൈദരാബാദില്‍ ആരംഭിച്ച കേസ്, ഡല്‍ഹി, വിജയവാഡ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തട്ടിപ്പ് റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ ദേശീയതലത്തില്‍ വ്യാപിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഏറ്റെടുത്തു. ഫെബ്രുവരിയില്‍ ഹൈദരാബാദ് പോലീസും ഘണ്ടയെ പ്രതിയാക്കി.
മാള്‍ട്ടയില്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ 100ലധികം ഇരകളാണ് ഇവരുടെ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ടൈംസ് ഓഫ് മാള്‍ട്ട ഇതേ ഏജന്‍സി വഴി മാള്‍ട്ടയിലെത്തിയ ഒമ്പത് വ്യക്തികളുമായി സംസാരിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ മാള്‍ട്ടയില്‍ എത്തിയ റഹ്മാന്‍ ഖാനും അവരില്‍ ഉള്‍പ്പെടുന്നു. താമസിയാതെ ഒരു ഫുഡ് കൊറിയര്‍ എന്ന നിലയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചു, എന്നാല്‍ തനിക്ക് ഒരിക്കലും കമ്പനി വാഗ്ദാനം ചെയ്ത ജോലി നല്‍കുകയോ ശമ്പളം നേടി തരുകയോ ചെയ്തിട്ടില്ലെന്ന് അന്ന് റഹ്മാന്‍ ഖാന്‍ പറഞ്ഞിരുന്നു. തന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയിലെ ബന്ധുക്കളെ ആശ്രയിക്കേണ്ട നിലയിലായിരുന്നു ഇയാള്‍.