ഒരൊറ്റ ഒപ്പ് ഇടാമോ? പത്തു ലക്ഷം തരാമെന്ന് ഇലോണ്‍ മസ്ക്, അമേരിക്കയില്‍ ‘തെരഞ്ഞെടുപ്പു ലോട്ടറി’, വിവാദം
പെന്‍സില്‍വാനിയ : അമേരിക്കന്‍ ഭരണഘടനയെ പിന്തുണയ്ക്കുന്ന തന്റെ ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും 10 ലക്ഷം ഡോളര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ടെസ്‌ലാ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നവരില്‍നിന്നു തെരഞ്ഞെടുക്കുന്നയാള്‍ക്കാണ് പണം നല്‍കുക. അതേസമയം മസ്കിന്‍റെ തെരഞ്ഞെടുപ്പു ലോട്ടറിക്കെതിരെ വിമര്‍ശകര്‍ രംഗത്തെത്തി.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ പിന്തുണക്കുന്നതിനായി പെന്‍സില്‍വാനിയയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തയാള്‍ക്ക് മസ്‌ക് പത്തു ലക്ഷം ഡോളറിന്റെ ചെക്ക് നല്‍കി. ജോണ്‍ ഡ്രെഹര്‍ എന്ന വ്യക്തിക്കാണ് ഈ തുക ലഭിച്ചത്.
‘നിങ്ങള്‍ ഒരു രജിസ്റ്റര്‍ ചെയ്ത പെന്‍സില്‍വാനിയ വോട്ടര്‍ ആണെങ്കില്‍, നിങ്ങള്‍ക്കും നിങ്ങളെ റഫര്‍ ചെയ്ത ആള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആയുധം വഹിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഞങ്ങളുടെ നിവേദനത്തില്‍ ഒപ്പിടുന്നതിന് ഇപ്പോള്‍ 10 ലക്ഷം ഡോളര്‍ ലഭിക്കും,’ മസ്‌ക് എക്‌സില്‍ കുറിച്ചത് ഇങ്ങനെ ആയിരുന്നു.
ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്തുണച്ചാണ് മസ്‌ക് രാഷ്ട്രീയ സേനയായ അമേരിക്ക പിഎസി ആരംഭിച്ചത്. തെരഞ്ഞെടുപ്ലപില്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ വോട്ടര്‍മാരെ അണിനിരത്താനും വോട്ട് ചെയ്യാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. മസ്കിന്‍റെ ലോട്ടറി തെരഞ്ഞെടുത്തു ധാര്‍മികതയ്ക്ക് എതിരാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനും ഇവര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.