ലോകചരിത്രത്തിലെ ഏറ്റവും വലിയ ധനികനായി ഇലോണ്‍ മസ്‌ക്
പെൻസിൽവാനിയ : ലോകചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുന്നു സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. 34,780 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ധനികന്‍. ആസ്തി 9,570 കോടി ഡോളറുമാണ്.
ലോകത്തെ ഒന്നാം നമ്പര്‍ സമ്പന്നനായ ഇലോണ്‍ മസ്‌ക് ചരിത്രത്തിലെ ഏറ്റവും വലിയ ധനികനായി മാറി. ഇന്നലെ ബ്ലൂംസ്ബെര്‍ഗ് പുറത്തുവിട്ട പട്ടികയില്‍ 34,780 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. ഇന്ത്യന്‍ രൂപയില്‍ 29.36 ലക്ഷം കോടി രൂപ. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള 20 ദിവസത്തിലാണ് മസ്‌ക്കിന്റെ സമ്പത്തില്‍ 700 കോടി ഡോളറിന്റെ വര്‍ധനയുണ്ടായത്. ട്രംപിന്റെ വരാനിരിക്കുന്ന ഭരണത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സിയുടെ തലവനായി ഇലോണ്‍ മസ്‌കിനെ തെരഞ്ഞെടുത്തിരുന്നു.
ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള സ്പേസ് എക്സ്, വൈദ്യുത കാര്‍ കമ്പനിയായ ടെസ്ല, കൃത്രിമബുദ്ധി സ്ഥാപനമായ എക്സ് എ ഐ, ന്യൂറാലിങ്ക്, സമൂഹമാധ്യമമായ എക്സ് എന്നിവയെല്ലാം ഇലോണ്‍ മസ്‌കിന്റെ സ്ഥാപനങ്ങളാണ്. ആമസോണിന്റെ ജെഫ് ബെസോസ് 21,900 കോടി ഡോളറുമായി രണ്ടാം സ്ഥാനത്തും ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ലാറി എലിസണ്‍ 20,600 കോടി ഡോളറുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 9570 കോടി ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ധനികന്‍.