യൂറോപ്പിനെ 18 മണിക്കൂറിലേറെ നിശ്ചലമാക്കിയ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി

ബാഴ്സലോണ : യൂറോപ്പിനെ 18 മണിക്കൂറിലേറെ നിശ്ചലമാക്കിയ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. സ്പെയിനിന്റെയും പോർചുഗലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച പുലർച്ച 6.30 ഓടെ വൈദ്യുതി പുനഃസ്ഥാപിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സ്പെയിൻ, പോർചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ വൈദ്യുതി മുടങ്ങിയത്. അതേസമയം, യൂറോപ്പിനെ ഏറ്റവും രൂക്ഷമായി ബാധിച്ച വൈദ്യുതി മുടക്കത്തിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. വൈദ്യുതി വിതരണ സംവിധാനത്തിൽ ഇത്തരമൊരു തകർച്ച ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണ്. മേലിൽ ഇത്തരം സംഭവങ്ങഹ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണമാണെന്ന ഉൗഹാപോഹങ്ങൾ പോർചുഗൽ ദേശീയ സൈബർ സുരക്ഷ കേന്ദ്രം തള്ളി. ഇതിന്റെ സൂചനകളില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയാണെന്ന വാദം യൂറോപ്യൻ കമീഷന്റെ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് തെരേസ റിബെറയും തള്ളി. വൈദ്യുതി മുടങ്ങിയതോടെ യൂറോപ്പിലെ ഇൻറർനെറ്റ്, ട്രെയിൻ, വിമാന, മെട്രോ സർവിസുകൾ, മൊബൈൽ ഫോൺ സേവനങ്ങൾ, ട്രാഫിക് സംവിധാനങ്ങൾ, എ.ടി.എം മെഷീൻ തുടങ്ങി അവശ്യ സേവനങ്ങൾ സ്തംഭിച്ചിരുന്നു. ഗതാഗത സംവിധാനങ്ങൾ മുടങ്ങിയതോടെ നിരവധിപേർ വഴിയിൽ കുടുങ്ങി. വെളിച്ചമില്ലാത്ത തുരങ്കങ്ങളിൽ നിന്നുപോയ ട്രെയിനുകളിൽനിന്ന് യാത്രക്കാർ ഇറങ്ങുന്നതിന്റെ ചിത്രങ്ങൾ സ്പാനിഷ് ദേശീയ ടി.വി സംപ്രേഷണം ചെയ്തു. റെയിൽവേയിലും ഭൂഗർഭ ലൈനുകളിലും കുടുങ്ങിയ 35,000 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി സ്പെയിനിലെ പ്രവർത്തകർ പറഞ്ഞു. വിനോദ സഞ്ചാരികൾ പലരും ട്രെയിൻ സ്റ്റേഷനിലെ ബെഞ്ചുകളിലും തറകളിലുമാണ് ഉറങ്ങിയത്. ബാഴ്സലോണ മുനിസിപ്പാലിറ്റി ഇൻഡോർ വിനോദ കേന്ദ്രങ്ങളിലേക്ക് 1200 കട്ടിലുകളാണ് വിതരണം ചെയ്തത്.