വാലറ്റയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വൃദ്ധ അപകടത്തിൽ മരിച്ചു

വാലറ്റയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോവൃദ്ധ അപകടത്തിൽ മരിച്ചു. രണ്ട് വാഹനങ്ങൾക്കിടയിൽ കുടുങ്ങിയാണ് 62 വയസ്സുള്ള സ്ത്രീ ഇന്നലെ മരണപ്പെട്ടത്. വാലറ്റയിലെ സാറ്റ് ഇൽ-ബാരിയേരയിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
ഫാസ്റ്റ് ഫെറി കടവിനടുത്തുള്ള കടൽത്തീരത്ത് മീൻ പിടിക്കാൻ പോയ ശേഷം ഭർത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. പാവോളയിൽ നിന്നുള്ള 23 വയസ്സുള്ള ഒരാൾ ഓടിച്ചിരുന്ന സുബാരു ഇംപ്രേസയും ആ സമയത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഫോർഡ് ഫിയസ്റ്റയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹാംറൂണിൽ നിന്നുള്ള സ്ത്രീ രണ്ട് വാഹനങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി. ഫോർഡ് ഫിയസ്റ്റയ്ക്കുള്ളിലുണ്ടായിരുന്ന ഹാംറൂണിൽ നിന്നുള്ള 69 വയസ്സുകാരനും പരിക്കേറ്റു. സംഭവത്തിൽ പാർക്ക് ചെയ്തിരുന്ന മറ്റ് നിരവധി കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു.