ഉക്രെയ്‌നിലെ ഒഡേസയിൽ മിസൈൽ ആക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരിക്ക്

കീവ് : വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ ഉക്രെയ്‌നിലെ ഒഡെസ തുറമുഖം ലക്ഷ്യമിട്ട് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു.
ആക്രമണത്തിൽ തുറമുഖത്തിന് സമീപം ബസിൽ സഞ്ചരിച്ചുകൊണ്ടിരുന്നവർക്കാണ് ദുരന്തം സംഭവിച്ചതെന്ന് മാധ്യമ റിപ്പോർടുകൾ പറയുന്നു. പാർക്കിംഗ് സ്ഥലത്ത് ട്രക്കുകൾക്ക് തീപിടിച്ചു, കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു.
തുറമുഖം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഒഡെസ മേഖലയുടെ തലവൻ ഒലെഹ് കിപ്പർ വ്യക്തമാക്കി. അതേ സമയം, ഉക്രേനിയൻ സൈന്യം ഒരു റഷ്യൻ യുദ്ധക്കപ്പലും മറ്റ് സൗകര്യങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി ഉക്രെയ്‌നിന്റെ ജനറൽ സ്റ്റാഫ് ശനിയാഴ്ച ഒരു പ്രസ്താവനയിൽ അവകാശപ്പെട്ടു.
കാസ്പിയൻ കടലിൽ ഫിലനോവ്‌സ്‌കി എണ്ണ, വാതക പാടത്തെ ഒരു ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമും തകർന്നു. റഷ്യൻ എണ്ണ ഭീമനായ ലുക്കോയിലാണ് ഈ കിണർ പ്രവർത്തിപ്പിച്ചിരുന്നത്.
2014-ൽ റഷ്യ ഉക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത ക്രിമിയയിലെ ക്രാസ്നോസിൽസ്കെ പ്രദേശത്തെ ഒരു റഡാർ സംവിധാനത്തിലും ഉക്രേനിയൻ ഡ്രോണുകൾ ആക്രമണം നടത്തി.



