ജാമ്യമില്ല , കെജ്‌രിവാൾ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ആറു ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചിരിക്കുന്നത്. മൂന്നര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചത്.
മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ കെജ്‌രിവാളാണെന്ന് ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് കെജ്‌രിവാളാണ്. നയം രൂപീകരിക്കുന്നതിൽ അദ്ദേഹം നേരിട്ട് പങ്കുവഹിച്ചിരുന്നു. കോടിക്കണക്കിന് രൂപ കെജ്‌രിവാൾ അഴിമതിയിലൂടെ ഉണ്ടാക്കി. ഈ പണമാണ് ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ ആരോപിച്ചു.
അതേസമയം മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെതിരെ ഇ.ഡി ആരോപണമുന്നയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. മാപ്പുസാക്ഷികളെ വിശ്വസിക്കാനാകില്ല. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമെന്തെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. ഇ.ഡിയുടെ വാദങ്ങൾ പരസ്പര ബന്ധമില്ലാത്തതാണെന്നും കെജ്‌രിവാളിന്റെ അഭിഭാഷകർ വാദിച്ചു.