ശബരിമല സ്വര്‍ണക്കൊള്ള : പ്രതികളായവരുടെ വീടുകളില്‍ അടക്കം 21 ഇടത്ത് വ്യാപക റെയ്ഡുമായി ഇഡി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ പ്രതികളായവരുടെ വീടുകളില്‍ അടക്കം 21 ഇടത്താണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്. ആന്ധ്രാ മുതല്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇഡിയുടെ റെയ്ഡ്.
സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി റെയ്ഡിലേക്ക് കടന്നത്. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും എ പത്മകുമാറിന്റെയും എന്‍ വാസുവിന്റെയും അടക്കം വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും വാസുവിന്റെ പേട്ടയിലെ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിന് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പരിശോധനയ്ക്കായി ഇഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് ബംഗളൂരുവിലും ചെന്നൈയിലും റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടിലും മുരാരി ബാബുവിന്റെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടത്തുന്നതായാണ് വിവരം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം തേടിയാണ് റെയ്ഡ്. റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പ്രതികളുടെ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



