മാൾട്ടാ വാർത്തകൾ

വർക്ക് പെർമിറ്റ് അപേക്ഷക്കായി വ്യാജരേഖാ നിർമാണം : മാൾട്ടയുടെ മുൻ ക്യൂബ നോൺ റെസിഡന്റ് അംബാസിഡർക്കെതിരെ തെളിവുകൾ പുറത്ത്

മാള്‍ട്ട വര്‍ക്ക് പെര്‍മിറ്റ് അപേക്ഷക്കായി 4000 യൂറോ കൈക്കൂലി വാങ്ങിയതായി മാള്‍ട്ടയുടെ മുന്‍ ക്യൂബ നോണ്‍ റെസിഡന്റ് അംബാസിഡര്‍ക്കെതിരെ തെളിവുകള്‍ പുറത്ത് . നേപ്പാള്‍ സ്വദേശിയാണ് വ്യാജ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ മാള്‍ട്ടയില്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ പണം നല്‍കിയതായി മജിസ്‌ട്രേറ്റ് മുന്‍പാകെ മൊഴി നല്‍കിയത്.മുന്‍ ക്യൂബ നോണ്‍ റെസിഡന്റ് അംബാസിഡറും
സര്‍ക്കാര്‍ ഐടി ഏജന്‍സിയായ എംഐടിഎയില്‍ ജോലി ചെയ്തിരുന്ന ഐസിടി പ്രൊഫഷണലും കമ്പനി ഡയറക്ടറുമായ മോസ്റ്റയില്‍ നിന്നുള്ള ആന്ദ്രെ ഡി അമറ്റോയ്‌ക്കെതിരാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, കംപ്യൂട്ടര്‍ ദുരുപയോഗം, ഔദ്യോഗിക രേഖകള്‍ വ്യാജമാക്കല്‍, വ്യാജ രേഖകള്‍ ഉപയോഗിക്കല്‍, വഞ്ചന, പൊതു അധികാരികള്‍ക്ക് തെറ്റായ പ്രഖ്യാപനങ്ങള്‍ നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഡി അമറ്റോക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്ന 2018നും ഈ വര്‍ഷം മെയ് മാസത്തിനും ഇടയില്‍, ഡി’അമാറ്റോയെ എംഐടിഎ നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ക്യൂബയിലെ മാള്‍ട്ടയുടെ നോണ്‍ റസിഡന്റ് അംബാസഡറായി അദ്ദേഹത്തെ നിയമിച്ചത്.
നേപ്പാളില്‍ നിന്നുള്ള മഗര്‍ ദില്‍ ബഹാദൂറാണ് ഇയാള്‍ക്കെതിരെ ബുധനാഴ്ച മൊഴി നല്‍കിയത്. മാള്‍ട്ടയിലേക്ക് പോകുന്നതിന് മുമ്പ് മാള്‍ട്ടയില്‍ താമസിക്കുന്ന നേപ്പാളി സുഹൃത്തിന് മാള്‍ട്ടീസ് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് 4,000 യൂറോ അയച്ചിരുന്നുവെന്ന് അദ്ദേഹം മജിസ്‌ട്രേറ്റ് ലിയോനാര്‍ഡ് കരുവാനയെ അറിയിച്ചു.

വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനായി സുഹൃത്ത് ഡി’അമാറ്റോയ്ക്ക് പണം കൈമാറിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച കരാറില്‍ ബഹദൂറിന്റെ തൊഴിലുടമയാണെന്ന് കാണിച്ച കമ്പനിയുടെ  ഡയറക്ടര്‍ ബഹാദൂറിനെ കുറിച്ച് കേട്ടിട്ടില്ലെന്നും കരാര്‍ വ്യാജമാണെന്നും കോടതിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
തൊഴിലുടമയില്‍ മാറ്റം വരുത്തിയതായി സ്ഥിരീകരിക്കാനുള്ള ഒരു ഫോമില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട് കമ്പനി ഓഫീസുകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ബഹദൂര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സംശയം തോന്നിയ കെഎസ്എല്‍ ഡയറക്ടര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ബഹാദൂറിന്റെ താമസ അപേക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സിയായ ഐഡന്റിറ്റയ്ക്ക് വ്യാജ കരാറുകള്‍ സമര്‍പ്പിച്ചതായി
അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഡി’അമാറ്റോയുടെ ഇ-ഐഡി ഉപയോഗിച്ചാണ് അപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്തതെന്നും  അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.താന്‍ കെഎസ്എല്ലില്‍ ജോലി ചെയ്തിട്ടില്ലെന്ന് കോടതിയില്‍ സ്ഥിരീകരിച്ച ബഹാദൂര്‍, സാന്‍ ഗ്വാനിലെ കമ്പനിയുടെ ഓഫീസില്‍ പോയപ്പോള്‍, അവരോട് ഒപ്പിടാന്‍ ആവശ്യപ്പെടുന്ന രേഖകള്‍ യഥാര്‍ത്ഥമല്ലെന്ന് തന്നോട് പറഞ്ഞതായും വെളിപ്പെടുത്തി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button