സ്പോർട്സ്

ദുലീപ് ട്രോഫി : ശ്രേയസിനും ദേവ്ദത്തിനും അര്‍ധ സെഞ്ച്വറി, ഇന്ത്യ ഡി ടീമിന് ലീഡ്

അനന്തപുര്‍ : ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ സിക്കെതിരെ ലീഡ് സ്വന്തമാക്കി ഇന്ത്യ ഡി ടീം. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറിയും ഫോമിലേക്ക് മടങ്ങിയെത്തിയ ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഡി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയില്‍. ഇന്ത്യ ഡിക്ക് 202 റണ്‍സ് ലീഡ്.

ശ്രേയസ് 44 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സെടുത്തു. ദേവ്ദത്ത് എട്ട് ഫോറുകള്‍ സഹിതം 56 റണ്‍സും കണ്ടെത്തി. റിക്കി ഭുയിയാണ് തിളങ്ങിയ മറ്റൊരു താരം. റിക്കി 44 റണ്‍സെടുത്തു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ സിക്കായി മാനവ് സുതര്‍ ബൗളിങില്‍ തിളങ്ങി. താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി.

ദുലീപ് ട്രോഫി ഇന്ത്യ ഡി, സി ടീമുകളുടെ പോരാട്ടം ആവേശകരം. ഡി ടീമിന്റെ ഒന്നാം ഇന്നിങ്‌സ് 164 റണ്‍സില്‍ അവസാനിപ്പിച്ച സി ടീമിനു പക്ഷേ അതേ നാണയത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. സി ടീമിന് വെറും 4 റണ്‍സ് ലീഡ് മാത്രം. അവരുടെ ഒന്നാം ഇന്നിങ്‌സ് 168 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഡി ടീമിനായി.

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഡി ടീമിനായി അക്ഷര്‍ പട്ടേലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷയായത്. താരം 86 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് എന്നിവരെല്ലാം ബാറ്റിങില്‍ വന്‍ പരാജയമായി.

വിജയ് കുമാര്‍ വൈശാഖാണ് സി ടീമിനായി മികച്ച ബൗളിങ് പുറത്തെടുത്തത്. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മറുപടി തുടങ്ങിയ സി ടീമിനും വന്‍ തിരിച്ചടി തന്നെ നേരിട്ടു. 72 റണ്‍സെടുത്ത ബാബ ഇന്ദ്രജിത്, 32 റണ്‍സെടുത്ത അഭിഷേ പൊരേല്‍ എന്നിവരുടെ ബാറ്റിങാണ് അവര്‍ക്ക് തുണയായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, സായ് സുദര്‍ശന്‍, രജത് പടിദാര്‍ എന്നിവരെല്ലാം പരാജയമായി.

ഡി ടീമിനായി ഹര്‍ഷിത് റാണ മികച്ച ബൗളിങുമായി കളം വാണു. അക്ഷര്‍ പട്ടേല്‍ ബൗളിങിലും തിളങ്ങി. താരവും സരന്‍ഷ് ജെയ്‌നും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button