മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കി ദുബൈ

ദുബൈ : മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.
ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്‍ക്കാര്‍ സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച വിവരം ലഭിക്കും.
ഇതോടെ മരണസർട്ടിഫിക്കറ്റ് അടക്കുമുള്ള രേഖകൾ ബന്ധുക്കൾക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം അപേക്ഷ നൽകുകയോ, ഓഫീസുകൾ കയറി ഇറങ്ങുകയോ വേണ്ട എന്നതും ബന്ധുക്കൾക്ക് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.
ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ വൈകാരികമായും കാര്യക്ഷമവുമായ പിന്തുണ നൽകി മനൂഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.



