ചൈനയുടെ ഭീഷണി ഏറ്റു; സ്മാര്‍ട്ട്‌ഫോണിനും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും പകരച്ചുങ്കം ഒഴിവാക്കി യുഎസ്

വാഷിങ്ടണ്‍ : ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക നിലപാട് ആഗോലതലത്തിത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുന്നതിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്എ. സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവയാണ് പകരച്ചുങ്ക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൈനയ്ക്ക് മേലുള്ള ഇറക്കുമതി നികുതിയില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. 10 ശതമാനം അടിസ്ഥാന തീരുവ ഉള്‍പ്പെടെയാണ് ഒഴിവാക്കിയത്.
ട്രംപിന്റെ പകരച്ചുങ്ക നിലപാടിന് എതിരെ അതേനാണയത്തില്‍ തിരിച്ചടിച്ച് 125 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ചൈനയുടെ നിലപാടിന് പിന്നാലെയാണ് യുഎസിന്റെ പിന്‍വാങ്ങല്‍. പകര ചുങ്കവുമായി മുന്നോട്ട് പോയാല്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന പല ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും വില യുഎസ് മാര്‍ക്കറ്റില്‍ വന്‍ തോതില്‍ ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്ന് ടെക് കമ്പനികളുടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മെമ്മറി കാര്‍ഡുകള്‍, സോളാര്‍ സെല്ലുകള്‍, സെമികണ്ടക്ടറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്സ് പാര്‍ട്‌സുകള്‍ക്കും ഇളവുകള്‍ ബാധകമാണ്.
തീരുവ കുറച്ച നടപടി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ നിര്‍മാതാക്കളും ടെക് ഭീമന്‍ കമ്പനിയുമായ ആപ്പിളിന് ഉള്‍പ്പെടെ ഗുണം ചെയ്യും. പകരച്ചുങ്കത്തില്‍ നിന്ന് ഇളവ് നല്‍കിയ ഉത്പനങ്ങളില്‍ പ്രധാനപ്പെട്ട ഹാര്‍ഡ് ഡ്രൈവുകള്‍, കമ്പ്യൂട്ടര്‍ പ്രോസസ്സറുകള്‍ എന്നിവയുള്‍പ്പെടെ ഒഴിവാക്കപ്പെട്ട പലതും അമേരിക്കയില്‍ നിര്‍മ്മിക്കപ്പെടാത്തവയാണ്. അമേരിക്കയിലെ ഉത്പാദനം വര്‍ധിപ്പിക്കുക എന്നതാണ് താരിഫ് വര്‍ധനകൊണ്ട് ട്രംപ് ലക്ഷ്യമാക്കുന്നത് എങ്കിലും ഈ ലക്ഷ്യം കൈവരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ദരുടെ നിലപാട്. എന്നാല്‍ ആഗോളതലത്തില്‍ പ്രതിഷേധം ഉയരുകയും യുഎസും ചൈനയും പരസ്പരം കൊമ്പുകോര്‍ക്കാന്‍ ഇടവരുത്തുകയും ചെയ്തിട്ടും പകരച്ചുങ്കം എന്ന തീരുമാനത്തില്‍ ട്രംപിന് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.