അന്തർദേശീയം

വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ : യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടിയ ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ട്രംപിന്റെ നീക്കം വിനാശകരമാണെന്നു പ്രതിഷേധക്കാർ പറയുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരം തകർന്നത് വകുപ്പ് കാരണമാണെന്നു പറഞ്ഞാണ് വകുപ്പ് അടച്ചുപൂട്ടുന്നത്. ഉത്തരവ് പ്രാബല്യത്തിൽ വരണമെങ്കിൽ കോൺ​ഗ്രസിന്റെ അം​ഗീകാരം അനിവാര്യമാണ്. ഇതുസംബന്ധിച്ചു ബിൽ അവതരപ്പിക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

വിദ്യാർഥികളേയും അധ്യാപകരേയും രക്ഷിതാക്കളേയും തീരുമാനം ഒരുപോലെ ബാധിക്കും. കുട്ടികൾക്കു ​ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നതിനും ഉത്തരവ് തടസമാകും. മാർച്ച് 21 അമേരിക്കയിലെ വിദ്യാർഥികളെ സംബന്ധിച്ചു കരിദിനമാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് വിദ്യാഭ്യാസ വകുപ്പിനു താഴിട്ടുള്ള എക്സ്ക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം കൂടിയായിരുന്നു ഇത്. ​ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാതെ വകുപ്പ് ഇത്രയും കാലം വെറുതെ പണം ചെലവാക്കുകയാണെന്നു ആരോപിച്ചാണ് നടപടി. ഉത്തരവിൽ ഒപ്പു വയ്ക്കാൻ വൈറ്റ് ഹൗസിലെത്തിയ ട്രംപ് ലിൻഡ മക്മോഹനെ അമേരിക്കയുടെ അവസാനത്ത വിദ്യാഭ്യാസ സെക്രട്ടറി എന്നാണ് പരിചയപ്പെടുത്തിയത്.

1979ലാണ് ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് നിലവിൽ വന്നത്. കോളജ്, സർവകലാശാല വിദ്യാർഥികൾക്കു ഫെഡറൽ വായ്പയും ​ഗ്രാൻഡുകളും വരുമാനം കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പഠന സഹായം, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള ഫണ്ട് എന്നിവ നൽകുന്നത് ഈ വകുപ്പാണ്. യുഎസിൽ ഭൂരിഭാ​ഗം പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ നിയന്ത്രണം സംസ്ഥാനങ്ങൾക്കാണ്. അവയ്ക്കുള്ള ഫണ്ടുകളിൽ 13 ശതമാനമാണ് ഫെഡറൽ സഹായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button