അന്തർദേശീയംആരോഗ്യം

കോവിഡിനും എബോളയ്ക്കുമെതിരേ പൊരുതിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു

ജനീവ : മഹാമാരികളായ കോവിഡ് 19, എബോള, പക്ഷിപ്പനി തുടങ്ങിയവയെ നേരിടാനുള്ള ലോകാരോഗ്യസംഘടനയുടെ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു. 75 വയസ്സായിരുന്നു. ലോകാരോ​ഗ്യ സംഘടന ( ഡബ്ല്യുഎച്ച്ഒ ) തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയെസോസാണ്, ബ്രിട്ടീഷ് ഡോക്ടറായ ഡേവിഡ് നബാരോയുടെ മരണ വിവരം പുറത്തു വിട്ടത്.

ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും പട്ടിണിക്കെതിരേയുള്ള പോരാട്ടവും കണക്കിലെടുത്ത് 2018-ല്‍ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ ആറ് പ്രത്യേക ദൂതന്മാരിൽ ഒരാളായരുന്നു ഡോക്ടർ നബാരോ. കോവിഡ് മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളെ മാനിച്ച് 2023-ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ഡോക്ടർ നബാരോയെ ആദരിച്ചിരുന്നു.

2017-ല്‍ ലോകാരോ​ഗ്യ സംഘടന മേധാവി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ടെഡ്രോസിനോട് പരാജയപ്പെടുകയായിരുന്നു. 2003-ല്‍ ബാഗ്ദാദിലെ യുഎന്‍ ആസ്ഥാനത്തുണ്ടായ ബോംബാക്രമണത്തിൽ ഡോക്ടർ നബാരോ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്ഫോടനത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ആഗോള ആരോഗ്യ രം​ഗത്തിന്റെയും ആരോഗ്യ സമത്വത്തിന്റെയും മികച്ച വക്താവായിരുന്നു ഡോക്ടർ നബാരോയെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ അനുസ്മരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button