പ്രധാനമന്ത്രി എത്തും മുൻപേ സൂചിപ്പാറയിലെ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു
കൽപറ്റ : സൂചിപ്പാറയിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു. മൃതദേഹങ്ങളുമായി പറന്ന വ്യോമസേന ഹെലികോപ്ടർ സുൽത്താൻ ബത്തേരിയിലെ ഹെലിപ്പാടിൽ ഇറങ്ങി. ഇവിടെനിന്ന് മേപ്പാടിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് തെരച്ചിൽ നടത്തുന്നില്ലെങ്കിലും ഇന്നലെ എയർലിഫ്റ്റ് ചെയ്യാനാകാതെ പോയ മൃതദേഹങ്ങൾ എടുക്കാനുള്ള നടപടി ജില്ലാ ഭരണാക്കോടം കൈക്കൊള്ളുകയായിരുന്നു.
നാല് മൃതദേഹങ്ങളാണ് ഇന്നലെ തിരച്ചിലിനിടെ സൂചിപ്പാറയിൽ കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. വൈകീട്ടോടെ ഹെലികോപ്റ്റർ എത്തിയെങ്കിലും മൃതദേഹം എടുക്കാതെ രക്ഷാപ്രവർത്തകരുമായി മടങ്ങുകയായിരുന്നു. പി.പി.ഇ കിറ്റും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാതിരുന്നതിൽ വയനാട് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം വിശദീകരണം പുറത്തിറക്കിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിശദീകരണം. ഇന്നു രാവിലെയും മൃതദേഹങ്ങൾ എടുക്കാൻ നടപടിയില്ലാതായതോടെ കാന്തൻപാറയിലിറങ്ങുമെന്നു നാട്ടുകാർ വ്യക്തമാക്കിയിരുന്നു.