തർക്കം രൂക്ഷം റഷ്യ – അസർബൈജാൻ ബന്ധം ഉലയുന്നു

റഷ്യൻ നഗരമായ യെക്കാറ്റെറിൻബർഗിൽ നടന്ന പൊലീസ് നടപടിക്കിടെ രണ്ട് അസർബൈജാൻ പൌരന്മാർ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. അസർബൈജാൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
രണ്ടായിരത്തിന്‍റെ തുടക്കം മുതൽ നടന്ന കൊലപാതകങ്ങളുമായി ബന്ധമുള്ള വംശീയ ക്രിമിനൽ ഗ്രൂപ്പിനെതിരെയാണ് പൊലീസ് നടപടിയെന്ന് റഷ്യ വിശദീകരിച്ചു. അസർബൈജാനിൽ ജനിച്ച റഷ്യൻ പൗരത്വമുള്ളവരാണ് അറസ്റ്റിലായത്. ആകെ അൻപതോളം പേരെ അറസ്റ്റ് ചെയ്തു. സഹോദരന്മാരായ സിയാദ്ദീനും ഹുസൈൻ സഫറോവുമാണ് അറസ്റ്റിനിടെ കൊല്ലപ്പെട്ടത്. അറസ്റ്റിനിടെ ഒരാൾ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് റഷ്യൻ അന്വേഷണ സമിതി വിശദീകരിച്ചു. രണ്ടാമത്തെയാളുടെ മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് റഷ്യയുടെ വിശദീകരണം. ക്രൂരമായ കൊലപാതകങ്ങളാണ് നടന്നതെന്ന് അസർബൈജാൻ കുറ്റപ്പെടുത്തി.
പിന്നാലെ അസർബൈജാൻ സാംസ്കാരിക മന്ത്രാലയം റഷ്യയുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും റദ്ദാക്കി. മോസ്കോയിൽ നടക്കാനിരുന്ന ഉഭയകക്ഷി യോഗത്തിൽ നിന്ന് അസർബൈജാൻ പിന്മാറി. റഷ്യൻ ഉപപ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കുകയും ചെയ്തു.
റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സ്പുട്നികിൽ അസർബൈജാൻ പൊലീസ് റെയ്ഡ് നടത്തി. നിയമവിരുദ്ധമായ ധനസഹായത്തിലൂടെയാണ് വാർത്താ ഏജൻസി അസർബൈജാനിൽ പ്രവർത്തിക്കുന്നതെന്ന് അസർബൈജാൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. പൊലീസ് പരിശോധനയ്ക്കിടെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് നടന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.