നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു
കോട്ടയം : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്.
നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത്. 2017ലെ നടിയെ ആക്രമിച്ച കേസിനൊപ്പം ഗൂഢാലോചന കേസായാണ് ഇതും ചേർത്തിരുന്നത്. ദിലീപുമായി ബന്ധപ്പെട്ട ചില ഓഡിയോകള്‍ ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. 51 പേജുള്ള രഹസ്യമൊഴിയാണ് ദിലീപിനെതിരെ ഇദ്ദേഹം നല്‍കിയിരുന്നത്. ദിലീപിനെക്കൂടാതെ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനേയും സംശയ മുനയില്‍ നിര്‍ത്തുന്നതായിരുന്നു ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍.
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് ഐപാഡിൽ ദിലീപ് കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിക്കുകയും ചെയ്തു. ഇതോടൊപ്പം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ വീട്ടിൽ വച്ച് ഗൂഢാലോചന നടന്നെന്നും മൊഴിയുണ്ട്. ഐപാഡിലും ഫോണിലുമുള്ള നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മുംബൈയിലെ ലാബിൽ വച്ചും സായ് ശങ്കർ എന്ന ഹാക്കറെ ഉപയോഗിച്ചും നീക്കം ചെയ്തെന്നും വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.
ആസിഫ് അലി നായകനായ കൗബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ദിലീപിനെ നായകനാക്കി പിക്ക് പോക്കറ്റ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു.