യുകെയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് ഇനി ഡിജിറ്റല്‍ വീസ സംവിധാനം നിര്‍ബന്ധം

ലണ്ടൻ : യുകെയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് ഇനി ഡിജിറ്റല്‍ വീസ സംവിധാനം നിര്‍ബന്ധം. നിലവിലുള്ള ഫിസിക്കല്‍ വീസ രേഖകള്‍ക്ക് (Biometric Residence Permits – BRP) പകരം പൂര്‍ണമായും ഡിജിറ്റലായ ‘ഇ-വീസ’ (e-Visa) രീതിയിലേക്ക് യു.കെ മാറിയിരിക്കുകയാണ്.
വീസ ആവശ്യമില്ലാത്ത സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനും (ഇ.ടി.എ) നിലവില്‍ വന്നു. ഇനി മുതല്‍ പാസ്പോര്‍ട്ടിലെ വീസ സ്റ്റിക്കറുകള്‍ക്കോ ബിആര്‍പി (BRP) കാര്‍ഡുകള്‍ക്കോ പ്രസക്തിയുണ്ടാകില്ല. പകരം യുകെ വീസ ആന്‍ഡ് ഇമിഗ്രേഷന്‍ (UKVI) അക്കൗണ്ട് വഴി ഡിജിറ്റലായി വീസ വിവരങ്ങള്‍ ലഭ്യമാകും.
എന്നാല്‍ വീസ അപേക്ഷകര്‍ ബയോമെട്രിക് രജിസ്‌ട്രേഷനുവേണ്ടി അപേക്ഷാകേന്ദ്രത്തില്‍ പോകണം. വീസ അപേക്ഷ പരിഗണിക്കുന്ന കാലയളവില്‍ പാസ്‌പോര്‍ട്ട് അപേക്ഷ കേന്ദ്രത്തില്‍ വയ്‌ക്കേണ്ടതില്ല.
വീസ ആവശ്യമില്ലാത്ത അമേരിക്ക, കാനഡ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 85 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും യുകെയിലേക്ക് യാത്ര ചെയ്യാന്‍ ഇ.ടി.എ നിയമപരമായി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
16 പൗണ്ട് (ഏകദേശം 1,700 രൂപ) ആണ് ഇ.ടി.എയുടെ നിരക്ക്. രണ്ട് വര്‍ഷത്തേക്കോ അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയുന്നതുവരെയോ (ഏതാണോ ആദ്യം വരുന്നത് അതുവരെ) ഇതിന് സാധുതയുണ്ടാകും. ഈ കാലയളവിനുള്ളില്‍ എത്ര തവണ വേണമെങ്കിലും യുകെയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
കണക്റ്റിംഗ് ഫ്‌ലൈറ്റുകളില്‍ യുകെ വഴി യാത്ര ചെയ്യുന്നവരും പാസ്പോര്‍ട്ട് കണ്‍ട്രോള്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടവരുമായ സന്ദര്‍ശകര്‍ക്കും ഇനി ഇ.ടി.എ നിര്‍ബന്ധമാണ്.
നിലവില്‍ യുകെയില്‍ താമസിക്കുന്ന വിദേശികള്‍ ബിആര്‍പി കാര്‍ഡുകള്‍ ഡിജിറ്റല്‍ വിസയിലേക്ക് മാറ്റുന്നതിനായി യുകെവിഐ (UKVI) അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.
ബ്രിട്ടനിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറുന്നതും സന്ദര്‍ശനം നടത്തുന്നതുമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ വീസ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ വീസയുള്ളവര്‍ ഡിജിറ്റല്‍ അക്കൗണ്ടിലേക്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ യാത്രാവേളയില്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് യുകെ ഹോം ഓഫീസ് മുന്നറിയിപ്പ് നല്‍കി.
രേഖകളില്‍ വരുത്തുന്ന തട്ടിപ്പുകള്‍ തടയാനും അതിര്‍ത്തി സുരക്ഷ ശക്തമാക്കാനുമാണ് ഡിജിറ്റല്‍ വീസ സംവിധാനത്തിലൂടെ ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. വീസ നടപടികള്‍ വേഗത്തിലാക്കാനും അപേക്ഷകര്‍ക്ക് തത്സമയം വിവരങ്ങള്‍ അറിയാനും ഈ മാറ്റം സഹായകമാകും.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബറില്‍ ഇ.ടി.എ സംവിധാനം ആരംഭിച്ചത് മുതല്‍ ഇതുവരെ 1.9 കോടിയിലധികം സന്ദര്‍ശകര്‍ ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിലൂടെ ലഭിച്ച 38.3 കോടിയിലധികം പൗണ്ട് (ഏകദേശം 4,000 കോടി രൂപ) യുകെയുടെ അതിര്‍ത്തി-കുടിയേറ്റ സംവിധാനങ്ങളുടെ വികസനത്തിനായി പുനര്‍നിക്ഷേപിക്കും.



