അന്തർദേശീയം

ഇന്ത്യയിൽ സൗജന്യ വാട്സാപ്,സിഗ്‍നൽ,ഗൂഗിൾ മീറ്റ്,ടെലഗ്രാം കോളുകൾക്ക് നിയന്ത്രണം വന്നേക്കും; ടെലികോം വകുപ്പ് കൂടുതൽ നടപടികളിലേക്ക്

വാട്സാപ്, സിഗ്‍നൽ, ഗൂഗിൾ മീറ്റ്, ടെലഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകൾ വഴിയുള്ള സൗജന്യ കോളുകൾക്ക് നിയന്ത്രണം വന്നേക്കുമെന്നു സൂചന. ഇതുസംബന്ധിച്ച് ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ അഭിപ്രായം തേടി. ഇന്റർനെറ്റ് കോളിങ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നതിനാൽ ‘ഒരേ സേവനത്തിന് ഒരേ ചാർജ്’ ഏർപ്പെടുത്തണമെന്നതാണ് ദീർഘകാല ആവശ്യം. തങ്ങൾക്കുള്ളതു പോലെയുള്ള ലൈസൻസ് ഫീസ്, മറ്റ് ചട്ടങ്ങൾ എന്നിവ ഇത്തരം കമ്പനികൾക്കും ബാധകമാക്കണമെന്നാണ് ടെലികോം കമ്പനികൾ ആവശ്യപ്പെടുന്നത്.

സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രായിയോട് ടെലികോം വകുപ്പ് അഭിപ്രായം തേടിയത്. 2008ൽ ഇന്റർനെറ്റ് കോളിങ്ങിന് നിശ്ചിത ചാർജ് (ഇന്റർകണക‍്ഷൻ ചാർജ്) ഈടാക്കണമെന്ന് ട്രായ് ശുപാർശ ചെയ്തിരുന്നെങ്കിലും ടെലികോം വകുപ്പ് ഇത് നടപ്പാക്കിയിരുന്നില്ല. 2016–17 കാലഘട്ടത്തിലും ടെലികോം കമ്പനികൾ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു. പല രാജ്യങ്ങളിലും ഇന്റർനെറ്റ് കോളിങ്ങിന് നിയന്ത്രണം നിലവിലുണ്ട്.

ഇന്റർനെറ്റ് കോളുകൾക്ക് പണം ഈടാക്കാമെന്നത് സംബന്ധിച്ച ട്രായിയുടെ മുൻ ശുപാർശകൾ ഡോട്ട് അംഗീകരിച്ചിരുന്നില്ല. ഒടിടി സേവനങ്ങൾ നിയന്ത്രിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ടെലികോം വകുപ്പ് മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഓവർ-ദി-ടോപ്പ് ആപ്പുകളെക്കുറിച്ച് ടെലികോം വകുപ്പ് ഇപ്പോൾ ട്രായിയിൽ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ടെലികോം സേവനദാതക്കളും വാട്സാപ് ഉൾപ്പെടെയുള്ള മെസേജിങ്, കോളിങ് ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ രാജ്യത്ത് ഇരു സേവനങ്ങൾക്കും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണമെന്നാണ് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ പ്രശ്നം പരിഹരിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ നീക്കമെന്നാണ് കരുതുന്നത്.

എന്നാൽ ഒടിടി സേവന ദാതാക്കളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ ഒടിടി സേവനങ്ങളെ നിയന്ത്രിക്കുന്നതിനെച്ചൊല്ലി വർഷങ്ങളായി ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ട്രായ് സമ്മർദം നേരിടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഈ സേവനങ്ങൾക്ക് ലൈസൻസിങ് ഫീസ് നടപ്പാക്കൽ, സേവനത്തിന്റെ ഗുണനിലവാരം പരിശോധിക്കൽ എന്നിവ രാജ്യത്തെ നിയമങ്ങൾക്ക് വിധേയമാകണമെന്നും ടെലികോം കമ്പനികൾ വാദിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button