ദേശീയം

യുപിയിൽ പ്രാർത്ഥനാ യോഗത്തിലെ തിരക്കിൽ മരിച്ചവരുടെ എണ്ണം 130 കടന്നു

ല‌ക്‌നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെ (സത്‌സംഗ്)​ തിക്കിലും തിരക്കിലും മൂന്ന് കുട്ടികളടക്കം 130 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. നിരവധിപേ‌ർക്ക് പരിക്കേറ്റു . മുഗൾഗഢി ഗ്രാമത്തിൽ ഇന്നലെ നടന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.പരിപാടി സംഘടിപ്പിച്ച ബോലേ ബാബ ഒളിവിലാണ്.

മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റിയാണ് സത്‌സംഗ് സംഘടിപ്പിച്ചത്. ജനം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. കനത്ത ചൂടിൽ പലരും തളർന്നുവീണു. ശ്വാസംമുട്ടലിനെ തുടർന്ന് ആളുകൾ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.ബസുകളിലും ട്രക്കുകളിലുമായാണ് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചത്.സ്വകാര്യ പരിപാടിയായിരുന്നെന്നും അനുമതിയുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,​ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൾ മുഴുകാൻ ഇന്ത്യാ സഖ്യത്തിലെ പ്രവർത്തകരോട് രാഹുൽ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button