അന്തർദേശീയം

വധശിക്ഷ റദ്ദാക്കി, ജയില്‍ ശിക്ഷയില്‍ ഇളവ്; അധികാരമൊഴിയുന്നതിന് മുമ്പ് നിര്‍ണായക തീരുമാനവുമായി ബൈഡന്‍

വാഷിങ്ടണ്‍ : യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം. പൊലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.

സൗത്ത് കാരോലൈനയിലെ പള്ളിയില്‍ ആഫ്രിക്കന്‍ വംശജരായ 9 പേരെ കൊലപ്പെടുത്തിയ ഡിലന്‍ റൂഫ്, ബോസ്റ്റണ്‍ മാരത്തണിനിടെ സ്‌ഫോടനം നടത്തിയ ഡ്‌ഷോഖര്‍ സരനേയ്, പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ 11 പേരെ വെടിവച്ചുകൊന്ന റോബര്‍ട്ട് ബവേഴ്‌സ് എന്നിവര്‍ മാത്രമേ ഫെഡറല്‍ സര്‍ക്കാരിന്റെ വധശിക്ഷാത്തടവുകാരായി ഇനിയുള്ളൂ. ട്രംപിന്റെ ഭരണകാലത്ത് 13 ഫെഡറല്‍ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

2021 ജനുവരി 20ന് അധികാരമേറ്റ ബൈഡന്‍ സര്‍ക്കാര്‍ അക്കൊല്ലം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. മനുഷ്യക്കടത്തുകാര്‍ക്കും ലഹരിമരുന്ന് വില്‍പ്പനക്കാര്‍ക്കും വധശിക്ഷ നല്‍കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button