അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം; കേസ് എടുത്ത് യുവജന കമ്മീഷന്‍
തിരുവനന്തപുരം : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെതിരെയും അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അര്‍ജ്ജുന്റെ കുടുംബം നടത്തിയ വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം.
രഞ്ജിത്ത് ഇസ്രയേലിനെതിരെയും അര്‍ജ്ജുന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തുന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കുവാനും വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളോട് യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു.
മണ്ണിടിഞ്ഞ ഭാഗത്തെ തിരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു.രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം രഞ്ജിത്ത് ഭാഗമായിരുന്നു. 2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തത്തിലും, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ഥാടന പാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിലും മലയാളിയായ രഞ്ജിത്ത് ഇസ്രായേല്‍ പങ്കാളിയായിരുന്നു.