യുഎസ് ഭീഷണി : കൊളംബിയക്ക് ക്യൂബയുടെ പിന്തുണ

ഹവാന : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെയും അധിക്ഷേപത്തെയും സധൈര്യം നേരിടുന്ന കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെത്രോയ്‌ക്ക് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയാസ് കാനലിന്റെ ഐക്യദാർഢ്യം. ‘നമ്മുടെ അമേരിക്ക’യിലെ രാജ്യങ്ങൾ കൊളംബിയൻ ജനതയ്‌ക്കും പ്രസിഡന്റിനും നിരുപാധിക പിന്തുണ നൽകുന്നുവെന്ന് ക്യൂബൻ പ്രസിഡന്റ് പറഞ്ഞു.
ലാറ്റിനമേരിക്കയിലെയും കരീബിയനിലെയും പരമാധികാര രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ആധിപത്യത്തിനായി ‘മൺറോ സിദ്ധാന്തം’ വീണ്ടും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന യുഎസ് സർക്കാരിന്റെ ഇടപെടലുകളെയും കുപ്രചാരണങ്ങളെയും തള്ളിക്കളയാൻ അദ്ദേഹം ആഹ്വാനംചെയ്‌തു. ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ലയും സമൂഹമാധ്യമമായ എക്‌സിൽ പ്രസിഡന്റ് പെത്രോയ്‌ക്ക് പിന്തുണ അറിയിച്ചു.
കരീബിയൻ കടലിൽ കൊളംബിയയുടെയും വെനസ്വേലയുടെയും കപ്പലുകളെ അമേരിക്ക നിരന്തരം ആക്രമിക്കുന്നതിനെതിരെയാണ് ഇരുരാജ്യങ്ങളും ശക്തമായി പ്രതികരിച്ചത്.
ട്രംപ് നടത്തിയ പ്രകോപനങ്ങൾക്ക് പെത്രോ ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. തുടർന്ന് യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ കൊളംബിയൻ പ്രസിഡന്റിന് വിസ റദ്ദാക്കുന്ന നെറികെട്ട നടപടിയും യുഎസ് സ്വീകരിച്ചു. ഗുസ്‌താവോ പെത്രോയും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ലഹരി മാഫിയയുടെ ഏജന്റുമാരെന്നാണ് ട്രംപിന്റെ ആരോപണം.