ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ക്രെയ്ഗ് ആന ചരിഞ്ഞു

കെനിയ : ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ക്രെയ്ഗ് ആന ചരിഞ്ഞു. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ആനയായിരുന്ന ക്രെയ്ഗ്. 54 വയസ്സായിരുന്നു. സ്വാഭാവിക കാരണങ്ങളാണ് മരണം.
കെനിയയിലെ അംബോസെലി നാഷനൽ പാർക്കിലായിരുന്നു വാസം. ഭൂമിയിൽ ശേഷിച്ചിരുന്ന ഏറ്റവും അപൂർവമായ ‘സൂപ്പർ ടസ്കർ’വിഭാഗത്തിൽ പെട്ട ആനകളിൽ ഒരാളാണ്. ഓരോ കൊമ്പും 45 കിലോഗ്രാമിലധികം ഭാരമുള്ളതും നടക്കുമ്പോൾ നിലത്ത് തൊടുന്ന തരത്തിൽ നീളം ഉള്ളവയുമാണ്.
സൂപ്പർ ടസ്കർ ആനകളുടെ പ്രത്യേകതയും ഇത് തന്നെയാണ്. ആഫ്രിക്കയിൽ ഇത്തരത്തിൽ വമ്പൻ കൊമ്പുളള ആനകളിലെ പ്രമുഖനും ഉദ്യാനത്തിലെ പ്രധാന ആകർഷണവുമായിരുന്നു ക്രെയ്ഗ്. കൊമ്പുകൾ വേട്ടയാടാൻ സാധ്യതയുളളതിനാൽ പ്രത്യേക സംരക്ഷണമുണ്ടായിരുന്നു ക്രെയ്ഗിന്.
തന്‍റെ ശാന്ത സ്വഭാവവും കൊമ്പുകളുടെ പ്രത്യേകതയും കൊണ്ട് ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികളുടെയും ഫോട്ടോഗ്രാഫർമാരുടെയും ആരാധനപാത്രമായിരുന്നു. അനധികൃത വേട്ടക്കെതിരായ ശക്തമായ നടപടികളും സംരക്ഷണ പ്രവർത്തനങ്ങളും മൂലം അതിജീവിച്ച ആനകളുടെ വിജയഗാഥയുടെ മുഖമായി ക്രെയ്ഗിനെ കണക്കാക്കുന്നു.
വന്യജീവി സംരക്ഷണ പ്രവർത്തകർ വലിയ നഷ്ടമായി കെഗ്രയ്ഗിന്‍റെ മരണത്തെ വിലയിരുത്തുന്നു. ലോകത്ത് വളരെ കുറച്ച് മാത്രമാണ് സൂപ്പർ ടസ്കർ ആനകൾ അവശേഷിക്കുന്നത്. അതിനാൽ തന്നെ ക്രെയ്ഗിന്റെ അന്ത്യം ആഫ്രിക്കൻ വന്യജീവി പൈതൃകത്തിന് വലിയ ആഘാതമാണ്. കെനിയയുടെ ദേശീയ പാനീയമായ കെനിയൻ ലാഗറിന്‍റെ ബ്രാൻഡ് അംബാസഡറായി 2021 ൽ ക്രെയ്ഗിനെ തെരഞ്ഞെടുത്തിരുന്നു.



