ഡീഗോ മറഡോണയുടെ മരണകാരണം അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ; റിപ്പോര്‍ട്ട്

ബ്യൂണസ് ഐറിസ് : അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണകാരണം അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്. മറഡോണയുടെ മരണകാരണം ചികിത്സയിലെ അനാസ്ഥയാണെന്ന കേസില്‍ അദ്ദേഹത്തെ ചികിത്സിച്ച ഏഴംഗ വൈദ്യസംഘത്തിന്റെ വിചാരണ വേളയിലാണ് ഫുട്ബോള്‍ ഇതിഹാസത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന സൂചനകള്‍ പുറത്തുവരുന്നത്.
മറഡോണയ്ക്ക് അസാധാരണമാംവിധം വലിയ ഹൃദയം ആയിരുന്നു ഉണ്ടായിരുന്നത് എന്നും ലിവര്‍ സിറോസിസ് ബാധിച്ചിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധന്‍ അലജാന്‍ഡ്രോ എസെക്വല്‍ വേഗ കോടതിയെ അറിയിച്ചു. എന്നാല്‍ മരണസമയത്ത് മറഡോണയുടെ ശരീരത്തില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അംശം കണ്ടെത്തിയില്ലെന്നും ഫോറന്‍സിക് വിദഗ്ധന്‍ സാക്ഷ്യപ്പെടുത്തി.
ഒരു ശരാശരി മനുഷ്യന്റെ ഹൃദയത്തിന് 250 നും 300 ഗ്രാമിനും ഇടയില്‍ മാത്രമായിരിക്കും ഭാരം. എന്നാല്‍ മറഡോണയുടെ ഹൃദയത്തിന് ഏകദേശം 503 ഗ്രാം ഭാരമുണ്ടായിരുന്നു. ഇതിന് പുറമെ മറഡോണ ലോങ് സ്റ്റാന്‍ഡിങ് ഇസ്‌കെമിയ എന്ന രക്തപ്രവാഹത്തിന്റെയും ഓക്‌സിജന്റെയും അഭാവം ബാധിച്ചിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, താരത്തിന്റെ കരള്‍ പരിശോധനയില്‍ സിറോസിസിന് സമാനമായ അവസ്ഥ ഉണ്ടായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്‌സിജന്‍ രക്തത്തില്‍ ഇല്ലാതിരുന്നത് സാഹചര്യങ്ങള്‍ ഗുരുതരമാക്കിയെന്ന് പൊലീസ് ടാസ്‌ക് ഫോഴ്സിലെ സില്‍വാന ഡി പിയേറോയും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, മരണത്തോട് അടുത്ത കാലത്ത് മറഡോണ ലഹരി ഉപയോഗിച്ചിരുന്നില്ല എന്ന് രക്തം, മൂത്രം എന്നിവയുടെ പരിശോധന ഫലങ്ങള്‍ വ്യക്തമാക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയറിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസകോശത്തിലെ നീര്‍വീക്കം മൂലമാണ് മറഡോണ മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനുള്ള ശസ്ത്രക്രിയക്ക് ശേഷം ബ്യൂണസ് ഐറിസിലെ വീട്ടില്‍ വിശ്രമിക്കവെ 2020 നവംബര്‍ 20ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണ വിടവാങ്ങിയത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുറ്റകരമായ നരഹത്യയ്ക്കാണ് ഡോക്ടര്‍മാരെ വിചാരണ ചെയ്യുന്നത്. എട്ടുമുതല്‍ 25 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മറഡോണയുടെ സ്വകാര്യ ഡോക്ടറായിരുന്ന ലിയോപോള്‍ഡോ ലൂക്ക്, മരണത്തിന് മുന്‍പുള്ള സമയത്ത് മറഡോണ കഴിച്ച മരുന്നുകള്‍ നിര്‍ദ്ദേശിച്ച സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാച്ചോവ് എന്നിവരുള്‍പ്പെടെയാണ് വിചാരണ നേരിടുന്നത്.