രാത്രി ഒന്‍പത് മുതല്‍ 9.30 വരെ ഒരാഴ്ച ഡിജിറ്റല്‍ നിശബ്ദത; സൈലന്റ് ഫോര്‍ ഗാസയില്‍ പങ്കാളിയാകാന്‍ സിപിഐഎം

ന്യൂഡല്‍ഹി : ഇസ്രയേല്‍ കൊന്നൊടുക്കുന്ന ഫലസ്തീനിലെ മനുഷ്യര്‍ക്ക് വേണ്ടി ലോക വ്യാപകമായി നടക്കുന്ന ഡിജിറ്റല്‍ പ്രതിഷേധത്തില്‍ പങ്കാളികളായി സിപിഐഎമ്മും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് ‘സൈലന്‍സ് ഫോര്‍ ഗാസ’ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചത്.
രാത്രി ഒന്‍പത് മുതല്‍ 9.30 വരെ ഒരാഴ്ച ഡിജിറ്റല്‍ നിശബ്ദത ആചരിക്കാനാണ് തീരുമാനം. ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളും ഓഫ് ചെയ്തുവെക്കണമെന്നും ഫലസ്തീനില്‍ നടക്കുന്ന മഹാപാതകങ്ങളോട് ലോകത്ത് ധാരാളം മനുഷ്യര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട് എന്ന സന്ദേശം ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യഗ്രഹത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സൈലന്‍സ് ഫോര്‍ ഗാസ’ എന്ന പ്രസ്ഥാനത്തിന്റെ ഏകോപിത ഡിജിറ്റല്‍ ക്യാംപെയ്ന്‍ ആണിത്. ഇതൊരു പ്രതിരോധ പ്രവര്‍ത്തനമാണെന്നും ആഗോള ഡിജിറ്റല്‍ പ്രതിഷേധമണെന്നും ഇതുവരെയുള്ള ലോകത്തിന്റെ നിഷ്‌ക്രിയത്വം ഇന്ധനമാക്കിക്കൊണ്ടുള്ള അനീതിക്കെതിരായ ഒരു പൗരന്റെ രോഷം ഉയര്‍ത്തിക്കാണിക്കാന്‍ ലളിതവും ഫലപ്രദവുമായ മാര്‍ഗമാണെന്നും ഇതിന്റെ പിന്നിലുള്ള ക്യാംപെയ്ന്‍ പ്രചാരകര്‍ വ്യക്തമാക്കുന്നു. ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അല്‍ഗോരിതങ്ങള്‍ക്ക് ശക്തമായ ഒരു ഡിജിറ്റല്‍ സിഗ്‌നല്‍ അയക്കുകയും ഗാസയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യും.