ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകിയ ഹർജിയിലാണ് ഉത്തരവ്. ബിസിസിഐയ്ക്ക് സ്‌പോൺസർഷിപ്പ് ഇനത്തിൽ 158 കോടി രൂപയാണ് ബൈജൂസ് നൽകാനുള്ളത്.
മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലാ ട്രൈബ്യൂണൽ (എൻസിഎൽടി) കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇടക്കാല റെസലൂഷൻ പ്രൊഫഷണലായി പങ്കജ് ശ്രീവാസ്തവയെ ട്രൈബ്യൂണൽ നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർഷിപ്പിന്റെ പേരിൽ ബിസിസിഐക്ക് പണം തിരികെ നൽകാനുണ്ടെന്നും എൻസിഎൽടി കണ്ടെത്തിയിരുന്നു. ബിസിസിഐയുമായുള്ള തർക്കം ഒത്തുതീർപ്പ് ചർച്ചയിലൂടെ പരിഹരിക്കാൻ അനുവദിക്കണമെന്ന ബൈജൂസിന്റെ ആവശ്യം ട്രൈബ്യൂണൽ തള്ളിയിരുന്നു.
നിലവിൽ ബൈജൂസ് മൊറോട്ടോറിയത്തിന് കീഴിലായതിനാൽ പണം തിരിച്ചെടുക്കുന്നതിനുള്ള ജുഡീഷ്യൽ നടപടികളോ ആസ്തികളുടെ വില്പനയോ കരാറുകൾ റദ്ദാക്കുന്നതിനോ നിരോധനമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയുടെ സ്പോൺസർഷിപ്പ് കരാർ 2019ലാണ് ബിസിസിഐയും ബൈജൂസുമായി ഒപ്പുവെച്ചത്. 2022 വരെയാണ് കരാർ കാലാവധി ഉണ്ടായിരുന്നതെങ്കിലും ബിസിസിഐ ഒരു വർഷം അധികമായി അനുവദിച്ചു. എന്നാൽ കരാർ പുതുക്കുന്നതിന് താത്പര്യമില്ലെന്ന് ബൈജൂസ് 2023ൽ ബിസിസിഐയെ അറിയിച്ചിരുന്നു