പേസ്‌വില്ലിൽ തകർന്ന കെട്ടിടത്തിന്റെ നിയന്ത്രിത പൊളിച്ചുമാറ്റൽ പൂർണം, റോഡ് തുറക്കാൻ തീരുമാനമായില്ല

പേസ്‌വില്ലിൽ തകർന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നിയന്ത്രിതപൊളിച്ചുമാറ്റൽ പൂർത്തിയായി. മൂന്നു ദിവസം കൊണ്ടാണ് പൊളിച്ചു മാറ്റൽ പൂർത്തിയായതെന്ന് ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ അതോറിറ്റി (ബിസിഎ), ഒക്യുപേഷണൽ ഹെൽത്ത് & സേഫ്റ്റി അതോറിറ്റി (ഒഎച്ച്എസ്എ), സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് (സിപിഡി) എന്നിവ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ താമസക്കാരായ 32 വിദ്യാർത്ഥികളെ ഒഴിപ്പിച്ചതിന് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ബുധനാഴ്ച രാത്രി, ട്രൈക്ക് പേസ്‌വില്ലിലെ ടാനിയ ഫ്ലാറ്റ്‌സ് അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ വലിയൊരു ഭാഗം തകർന്നു വീഴുകയായിരുന്നു.
സൈറ്റിന്റെ ശേഷിക്കുന്ന ഭാഗം നിയന്ത്രിതമായി പൊളിച്ചുമാറ്റിയതിനെത്തുടർന്ന് സെന്റ് ജോർജ്ജ് സ്ട്രീറ്റിലെ ഒരു ഹോട്ടൽ, കടകൾ, ഒരു ബാർ എന്നിവിടങ്ങളിൽ നിന്ന് 40 ഓളം പേരെ ഒഴിപ്പിച്ചിരുന്നു . മാൾട്ടയിലെ വിനോദ ജില്ലയുടെ ഹൃദയഭാഗത്തുള്ള എട്ട് കെട്ടിടങ്ങൾക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു. ഒഴിപ്പിച്ച 40 പേരെ തിരികെ പോകാൻ എപ്പോൾ അനുവദിക്കാനാകുമെന്ന് പറയാനാകില്ലെന്ന് വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച നിർമ്മാണ മേഖലയുടെ പരിഷ്കരണ മന്ത്രി ജോനാഥൻ അറ്റാർഡ് പറഞ്ഞു.
“വരും ദിവസങ്ങളിൽ” സ്ഥലം വൃത്തിയാക്കലും റോഡ് വീണ്ടും തുറക്കലും നടക്കുമെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചു. സ്ഥലം പൂർണമായും ക്ളീൻ ചെയ്ത ശേഷമാകും റോഡ് വീണ്ടും തുറക്കുക എന്നാണു സൂചന.