കേരളം

‘ഔദ്യോ​ഗികമായി 15 മലയാളികളുടെ മരണം സ്ഥിരീകരിച്ചു, അനൗദ്യോഗിക വിവരം അനുസരിച്ച് 24’; നോർക്ക

കുവൈത്തിലെ ദുരന്തത്തിൽ ഔദ്യോ​ഗികമായി 15 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചച്ചതെന്ന് നോർക്ക സെക്രട്ടറി ഡോ കെ വാസുകി. അനൗദ്യോഗികമായി ലഭിച്ച വിവരം അനുസരിച്ച് 24 പേർ മരിച്ചതായാണ് കണക്ക്. മൃതദേഹങ്ങൾ കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. കുവൈത്ത് സർക്കാരുമായി ചേർന്ന് എല്ലാ ശ്രമവും നടത്തും. തുടർ സഹായം ചർച്ച ചെയ്യുമെന്നും നോർക്ക സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് എത്തിക്കുമെന്നും ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ടെന്നും നോർക്ക സെക്രട്ടറി അറിയിച്ചു . പരുക്കേറ്റവരുടെ ചികിത്സ അവിടെ തന്നെ തുടരും. ആറുപേർ ഗുരുതരാവസ്ഥയിലാണ്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും. ഡിഎൻഎ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കുമെന്നും നോർക്ക സെക്രട്ടറി അറിയിച്ചു.

അതേസമയം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തില്‍ എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button