കേരളം

കേന്ദ്രം അനുമതി നല്‍കിയില്ല ; ആരോഗ്യമന്ത്രിയുടെ കുവൈറ്റ് യാത്ര മുടങ്ങി

കൊച്ചി : ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കുവൈറ്റ് യാത്ര ഉപേക്ഷിച്ചു. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. ആരോഗ്യമന്ത്രി കൊച്ചി വിമാനത്താവളത്തില്‍ തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും കേന്ദ്രസര്‍ക്കാര്‍. രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.

തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. ഇതോടെ സുരക്ഷിതമല്ലാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരുകയായിരുന്നു.

അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.

മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങളും നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30നാണ് മൃതദേഹങ്ങള്‍ എത്തിക്കുക. ഇവിടെ നിന്ന് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പടെ നാളെ കൊച്ചിയിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button