ഗോൾരഹിത സമനില – കോപ്പയിൽ ബ്രസീലിന് നനഞ്ഞ തുടക്കം
ന്യൂയോർക്ക് : ഈ ബ്രസീലിയൻ ടീമിൽ തനിക്ക് പ്രതീക്ഷയില്ലെന്ന മുൻ താരം റൊണാൾഡീഞ്ഞോയുടെ വാക്കുകൾ ശരിവെച്ചു കൊണ്ട് മഞ്ഞപ്പടയ്ക്ക് കോപ്പയിൽ നനഞ്ഞ തുടക്കം. ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തിൽ കോസ്റ്ററിക്ക ബ്രസീലിന്റെ വമ്പിനെ ഗോൾരഹിത സമനിലയിൽ തളച്ചു. പാസുകളിലും ആക്രമണത്തിലും ഗോള്‍ഷോട്ടുകളിലും ബ്രസീല്‍ മേധാവിത്തം പുലർത്തിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 30–ാം മിനിറ്റിൽ പ്രതിരോധ താരം മാർക്വിഞ്ഞോയിലൂടെ ബ്രസീൽ ലീഡ് നേടിയെന്നു കരുതിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ വീണ്ടും നിരാശയായി.
ബ്രസീലിന്റെ വിനിസ്യൂസ് ജൂനിയർ, റോഡ്രിഗോ ഉൾപ്പെടെയുള്ള മികച്ച താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കോസ്റ്ററിക്ക കെട്ടിയ പ്രതിരോധ കോട്ട തകർക്കാനായില്ല. 60–ാം മിനിറ്റിൽ വലതു വിങ്ങിലൂടെ കടന്നുകയറിയ റാഫിഞ്ഞ ബോക്സിനുള്ളിലേക്കു ക്രോസ് നല്‍കിയെങ്കിലും അതും പാഴായി. 63–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ലൂകാസ് പക്വറ്റയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. മറ്റൊന്ന് കോസ്റ്ററിക്ക ഗോൾ കീപ്പർ പാട്രിക് സെക്വീര തടഞ്ഞു. അവസാന നിമിഷം വിനിസ്യൂസിനു പകരം കൗമാര താരം എൻഡ്രിക് കളത്തിലിറങ്ങിയതോടെ ബ്രസീല്‍ അക്രമണം കൂടുതൽ ശക്തമാക്കി. ഇൻജറി ടൈമിൽ ബ്രസീലിനു ഗോള്‍ നേടാൻ അവസരം ലഭിച്ചെങ്കിലും ബ്രൂണോ ഗ്യൂമാറെസിന്‍റ ഷോട്ട് പോസ്റ്റിനു തൊട്ടുമുകളിലൂടെ പുറത്തേക്കു പോയി. അതോടെ ശക്തമായ പോരാട്ടം സമനിലയില്‍ അവസാനിച്ചു.
2016നു ശേഷം ആദ്യമായാണു കോസ്റ്ററിക്ക കോപ്പ കളിക്കാനെത്തുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം തോൽവി നേരിട്ടുകൊണ്ടിരിക്കുന്ന ബ്രസീൽ പുതിയ പരിശീലകൻ ഡോറിവൽ ജൂനിയറിന്‍റെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് കോപ്പയിലെ ആദ്യ പോരാട്ടത്തിനിറങ്ങിയത്. മറ്റൊരു മത്സരത്തിൽ പാരഗ്വായെ കൊളംബിയ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു കൊളംബിയയുടെ വിജയം. ഡാനിയൽ മുനോസ് (32), ജെഫർസൻ ലെർമ (42) എന്നിവരാണു കൊളംബിയയ്ക്കായി ഗോൾ നേടിയത്. ജുലിയോ എൻസിസോ പാരഗ്വായുടെ ആശ്വാസ ഗോൾ കണ്ടെത്തി.