അന്തർദേശീയംചരമം

സിഎൻഎൻ സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു

വാഷിങ്ടൺ ഡിസി : സിഎൻഎൻ (കേബിൾ ന്യൂസ് നെറ്റ്‌വർക്ക്) സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ ടെഡ് ടർണർ (87) അന്തരിച്ചു. 24 മണിക്കൂർ വാർത്താ സംപ്രേഷണം ലോകത്തിനു പരിചയപ്പെടുത്തി മാധ്യമരംഗത്ത് വിപ്ലവം കുറിച്ച വ്യക്തിയാണ് ടെഡ് ടർണർ. ബുധനാഴ്ചയായിരുന്നു അന്ത്യമെന്ന് സിഎൻഎൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

യുഎസിലെ ഒഹായോയിലെ സിൻസിനാറ്റിയിൽ 1938ലായിരുന്നു ടർണറുടെ ജനനം. ടർണർ ‘തെക്കിന്റെ ശബ്ദം’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഏതാനും റേഡിയോ സ്റ്റേഷനുകൾ വാങ്ങിയ ശേഷം 1970ൽ ചാനൽ 17 എന്നറിയപ്പെട്ടിരുന്ന അറ്റ്ലാന്റ സ്റ്റേഷൻ സ്വന്തമാക്കിക്കൊണ്ടായിരുന്നു മാധ്യമരംഗത്തേക്കുള്ള ടർണറുടെ കടന്നുവരവ്. 1976ൽ ചാനൽ 17നെ സാറ്റലൈറ്റ് സംപ്രേഷണത്തിലേക്ക് ഉയർത്തിക്കൊണ്ട് ലോകത്തെ ആദ്യ കേബിൾ ടിവി സൂപ്പർ സ്റ്റേഷൻ ടേണർ സ്ഥാപിച്ചു. തുടർന്ന് 1980ലാണ് ടർണർ സിഎൻഎൻ സ്ഥാപിക്കുന്നത്. തുടർന്ന് 1990–91ലെ ഗൾഫ് യുദ്ധകാലത്ത് മണിക്കൂറുകൾ ഇടവിട്ടുള്ള വാർത്താ സംപ്രേഷണരീതിയിൽനിന്ന് വ്യത്യസ്തമായി 24 മണിക്കൂർ സംപ്രേഷണത്തിന് സിഎൻഎന്നിലൂടെ തുടക്കമിട്ടത് ടർണറായിരുന്നു. ഉപഗ്രഹ സംവിധാനത്തിലൂടെ തൽസമയ വിവരങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാൻ സിഎൻഎന്നിന് കഴിഞ്ഞു. ഇതോടെ യുഎസ് മാധ്യമ, വിനോദ രംഗത്തെ അതികായനായി ടർണർ മാറി.

1991ൽ ടൈം മാഗസിന്റെ മാൻ ഓഫ് ദി ഇയർ പുരസ്കാരം നേടി. ഏറെക്കാലത്തിനുശേഷം തന്റെ കമ്പനികൾ ടൈം വാർണർക്ക് വിറ്റ ടർണർ പിന്നീട് മാധ്യമരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. തനിക്ക് മറവിരോഗം ബാധിച്ചതായി 2018ൽ ടർണർ വെളിപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button