ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കുന്നു
ബാഴ്സലോണ: ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സ്പാനിഷ് താരം കളമൊഴിയും. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് 38കാരനായ നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
“പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കുറച്ചുകാലമായി വളരെയധികം ബുദ്ധിമുട്ടിയാണ് ഞാൻ ടെന്നീസിൽ തുടരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വർഷമായി. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാൻ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല..’- നദാൽ പറഞ്ഞു.
ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു നദാല്‍, കളിമണ്‍ കോര്‍ട്ടില്‍ പകരക്കാരന് ഇല്ലാത്ത നദാര്‍ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നേടിയത്. 2005ലാണ് നദാല്‍ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കീരിടം ചൂടിയത്. അവസാനമായി 2022ലും.
2008ലെ ബീജിങ് ഒളിംപിക്സില്‍ സിംഗിള്‍സ് സ്വര്‍ണവും 2016ലെ റിയോ ഒളിംപിക്സില്‍ ഡബിള്‍സ് സ്വര്‍ണവും നേടിയ നദാല്‍, ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്സില്‍ മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു. കൂടാതെ, 36 മാസ്റ്റേഴ്സ് കിരീടം, അഞ്ച് ഡേവിസ് കപ്പ് കിരീടം എന്നിവയും താരം സ്വന്തം പേരിലാക്കി.നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ആയിരിക്കും അവസാന മത്സരം.