കേരളം

ശൈത്യകാല സമയക്രമം പ്രഖ്യാപിച്ച് സിയാല്‍

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍ ) 2025 ലെ ശൈത്യകാല സമയക്രമം പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 26 മുതല്‍ 2026 മാര്‍ച്ച് 28 വരെയാണ് ഈ പുതിയ സമയക്രമം. ഇത് പ്രകാരം ആഴ്ചയില്‍ 1520 ഓപ്പറേഷനുകളാണ് ഉണ്ടായിരിക്കുക. നിലവിലെ വേനല്‍ക്കാല സമയക്രമത്തില്‍ 1454 സര്‍വീസുകളാണ് ഉള്ളത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരത്തേക്കുള്ള രണ്ട് പുതിയ ദൈനംദിന സര്‍വീസുകളാണ് ശൈത്യകാല ഷെഡ്യൂളിന്റെ പ്രത്യേകത. അതേസമയം സ്റ്റാര്‍ എയര്‍ കൊച്ചി-ബംഗളൂരു സെക്ടറില്‍ ആഴ്ചയില്‍ നാല് ദിവസം സര്‍വീസ് നടത്തും. അകാസയും ഇന്‍ഡിഗോയും നവി മുംബൈയിലേക്ക് ഒരു പ്രതിദിന സര്‍വീസ് നടത്തും. മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ, ഗള്‍ഫ് മേഖല എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ട്.

രാജ്യാന്തര സെക്ടര്‍

ശീതകാല ഷെഡ്യൂളില്‍ 25 എണ്ണം അന്താരാഷ്ട്ര വിമാനക്കമ്പനികളാണ്. പ്രതിവാരം 27 എണ്ണം 341 ഇടങ്ങളിലേയ്ക്ക് അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നു. എയര്‍ ഏഷ്യ ആഴ്ചയില്‍ 11 സര്‍വീസ് എന്നുള്ളത് 21 ആയി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം എയര്‍ ഇന്ത്യ ദോഹ സെക്ടര്‍ പുനഃസ്ഥാപിക്കും. അകാസ എയര്‍ലൈന്‍സ്

ദമ്മാമിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും.

ആഴ്ചയില്‍ 49 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ ഒന്നാം സ്ഥാനത്താണ്. അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ 47 സര്‍വീസുകള്‍ നടത്തും. ഇത്തിഹാദ് – 28, എയര്‍ ഏഷ്യ -21, എയര്‍ അറേബ്യ അബുദാബി – 18, അകാസ -17, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് – 14, കുവൈറ്റ് എയര്‍വേയ്സ്, ഖത്തര്‍എയര്‍വേയ്സ് (11 വീതം), സൗദി, തായ് എയര്‍ ഏഷ്യ (10 വീതം), സ്പൈസ് ജെറ്റ്, ശ്രീലങ്കന്‍, മലേഷ്യ എയര്‍ലൈന്‍സ് 7 വീതം, ജസീറ (5), ഫ്‌ലൈ ദുബായ്, ഗള്‍ഫ് എയര്‍, ഐലന്‍ഡ് ഏവിയേഷന്‍, വിയറ്റ്ജെറ്റ്, മലിന്‍ഡോ (4 വീതം), തായ് ലയണ്‍ എയര്‍ (3) എന്നിവയാണ് രാജ്യാന്തര സര്‍വീസ് നടത്തുന്ന മറ്റ് പ്രമുഖ വിമാനക്കമ്പനികള്‍.

അബുദാബിയിലേക്ക് മാത്രം ആഴ്ചയില്‍ 67 സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് 45 സര്‍വീസുകളുമായി ദുബായ് രണ്ടാം സ്ഥാനത്താണ്. ദോഹ (38), ക്വാലാലംപൂര്‍ (32), മസ്‌കറ്റ് (25), ഷാര്‍ജ (21) എന്നിവയാണ് മറ്റ് ഡെസ്റ്റിനേഷനുകള്‍. സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ 14 ഫ്‌ലൈറ്റുകള്‍, മാലെ 11, ബാങ്കോക്ക് 10, ജിദ്ദ, റിയാദ് 8 വീതം, ബഹ്റൈന്‍, കൊളംബോ, ദമ്മാം, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ 7 സര്‍വീസുകള്‍ വീതമുണ്ട്. ഹോ ചി മിന്‍ സിറ്റിയിലേക്ക് 4 ഉം ഫുക്കറ്റിലേക്ക് 3 സര്‍വീസുകളും ഉണ്ട്.

ആഭ്യന്തര സെക്ടര്‍

ആഭ്യന്തര മേഖലയില്‍, ശൈത്യകാല ഷെഡ്യൂളില്‍ ബംഗളൂരുവിലേയ്ക്ക് ആഴ്ചയില്‍ 86 വിമാന സര്‍വീസുകളും, മുംബൈയിലേക്ക് 69 ഉം ഡല്‍ഹിയിലേക്ക് 63 ഉം ചെന്നൈയിലേക്ക് 47 ഉം ഹൈദരാബാദിലേക്ക് 61 ഉം അഗതിയിലേക്ക് 14 ഉം അഹമ്മദാബാദിലേക്ക് 13 ഉം പൂനെയിലേക്ക് 14 ഉം കാലിക്കറ്റ്, ഗോവ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് 7 വീതവും സേലത്തേക്ക് 5 ഉം വിമാന സര്‍വീസുകള്‍ ഉള്‍പ്പെടുന്നു.

പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്ക് രണ്ട് അധിക സര്‍വീസുകള്‍ നടത്തും. പുതിയ ഷെഡ്യൂള്‍ അനുസരിച്ച്, കണ്ണൂരില്‍ നിന്നുള്ള ഒരു ഇന്‍ഡിഗോ വിമാനം രാവിലെ 9:40 ന് കൊച്ചിയില്‍ ഇറങ്ങും. ഇത് കൊച്ചി – തിരുവനന്തപുരം സെക്ടറിലേക്ക് ഒരു ദിവസം രണ്ടു തവണ സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് രാവിലെ 10:00 നും ഉച്ച കഴിഞ്ഞ് 3:50 നും ആയിരിക്കും വിമാനം പുറപ്പെടുന്ന സമയം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനം ഉച്ചയ്ക്ക് 1:00 നും വൈകുന്നേരം 7:20 നും പുറപ്പെടും.

സ്റ്റാര്‍ എയര്‍ കൊച്ചി-ബംഗളൂരു സെക്ടറില്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ആരംഭിക്കും. അകാസ എയര്‍ അഹമ്മദാബാദിലേക്കും നവി മുംബൈയിലേക്കും പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. സ്പൈസ് ജെറ്റ് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും.

യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങള്‍, സുരക്ഷ, തടസ്സമില്ലാത്ത കണക്റ്റിവിറ്റി എന്നിവ നല്‍കുന്നതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രതിജ്ഞാബദ്ധമാണെന്ന് സിയാല്‍ എംഡി എസ് സുഹാസ് ഐഎഎസ് പറഞ്ഞു. സിയാല്‍ വഴിയുള്ള ഓരോ യാത്രയും സുഗമവും അവിസ്മരണീയവുമാണെന്ന് ഉറപ്പാക്കാന്‍ തങ്ങളുടെ പരിശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button