അന്തർദേശീയം

ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് കപ്പലിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകൾ കൂട്ടിയിടിച്ചു

ബീജിങ് : ഫിലിപ്പീൻസ് കപ്പലിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ചൈനീസ് കോസ്റ്റ് ഗാർഡിൻ്റെ നിരീക്ഷണ കപ്പൽ ചൈനീസ് നേവിയുടെ യുദ്ധക്കപ്പലിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആൾനാശം ഉണ്ടായതായി വിവരമില്ല. എങ്കിലും ചൈനയുടെ രണ്ട് കപ്പലുകൾക്കും കേടുപാടുകളുണ്ടായി. ഫിലിപ്പീൻസും ചൈനയും തമ്മിൽ സമുദ്രാതിർത്തിയുടെ പേരിൽ തർക്കമുണ്ട്. ഇതിനിടെയാണ് ഫിലിപ്പീൻസിൻ്റെ കോസ്റ്റ് ഗാർഡ് കപ്പലിനെ പിടികൂടാൻ ചൈനീസ് സംഘം തുനിഞ്ഞിറങ്ങിയത്ത്.

ചൈനീസ് കപ്പലുകൾ കൂട്ടിയിടിച്ചതോടെ കടലിലെ ചേസിങും അവസാനിച്ചു. തങ്ങളെ പിന്തുടരുന്ന ചൈനീസ് കപ്പലുകളുടെ ദൃശ്യം പകർത്തിക്കൊണ്ടിരുന്ന ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് പിന്നാലെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ട് നിരവധി വീഡിയോകളാണ് ഫിലിപ്പീൻസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കുവെച്ചിരിക്കുന്നത്. ഫിലിപ്പീൻസിൻ്റെ കോസ്റ്റ് ഗാർഡ് കപ്പലിനെ ചൈനയുടെ കോസ്റ്റ് ഗാർഡ് കപ്പൽ പിന്തുടരുന്നതും ഇവർക്ക് ഇടയിലേക്ക് ചൈനീസ് നേവിയുടെ കപ്പൽ വന്നുകയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ ചൈനയുടെ രണ്ട് കപ്പലുകളും കൂട്ടിയിടിക്കുകയും ചേസിങിൽ നിന്ന് ചൈനീസ് സംഘങ്ങൾ പിന്മാറുകയുമാണ് ഉണ്ടായത്.

അപകടത്തിൽപെട്ട ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലിന് കാര്യമായ കേടുപാടുകളുണ്ടായി. ഫിലിപ്പീൻസ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ബജോ ഡെ മസിൻലോക് എന്ന് ഫിലിപ്പീൻസ് വിളിക്കുന്ന, സ്‌കാർബറോഗ് ഷോൾ എന്ന ദ്വീപുമായി ബന്ധപ്പെട്ടാണ് തർക്കം. ഈ ദ്വീപിനെ ഹോങ്യാൻ ദോ എന്നാണ് ചൈന വിളിക്കുന്നത്. ഇവിടേക്ക് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് അകമ്പടി പോവുകയായിരുന്നു ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡിൻ്റെ കപ്പൽ. ഇതിനെയാണ് ചൈനീസ് കോസ്റ്റ് ഗാർഡ് പിന്തുടർന്നത്. ഫിലിപ്പീൻസ് കപ്പലിനെ ഇടിച്ചിടാൻ ലക്ഷ്യമിട്ട് നേവി കപ്പലും ഇതിന് നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴയ്ക്ക് ഫിലിപ്പീൻസ് കപ്പൽ രക്ഷപ്പെടുകയും മറ്റ് രണ്ട് കപ്പലുകൾ കൂട്ടിയിടിക്കുകയുമായിരുന്നു. ഈ ദ്വീപ് തങ്ങളുടേതാണെന്നും ഇവിടേക്ക് വരാൻ പാടില്ലെന്ന് ഫിലിപ്പീൻസിന് പല തവണ മുന്നറിയിപ്പ് നൽകിയതാണെന്നും ചൈന പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button