ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും ചൈനയുടെ കയറ്റുമതിയിൽ വർധന

ബീജിങ് : ഡോണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും ചൈനയുടെ കയറ്റുമതിയിൽ വർധന. ഏപ്രിലിലാണ് ചൈനയുടെ കയറ്റുമതി വർധിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിയുണ്ടായിരുന്നുവെങ്കിലും തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, യുറോപ്യൻ രാജ്യങ്ങൾ എന്നിവരുമായുള്ള വ്യാപാരം വർധിച്ചതാണ് ചൈനക്ക് ഗുണകരമായത്.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയുടെ കയറ്റുമതി ഏപ്രിലിൽ 8.1 ശതമാനം വർധിച്ചിട്ടുണ്ട്. റോയിട്ടേഴ്സിന്റെ പ്രവചനത്തേക്കാളും വലിയ വളർച്ചയാണ് കയറ്റുമതിയിൽ ഉണ്ടായത്. എന്നാൽ, മാർച്ചിൽ 12.4 ശതമാനം വളർച്ച കയറ്റുമതിയിൽ ഉണ്ടായിരുന്നു.
ചൈനയിലേക്കുള്ള ഇറക്കുമതിയിൽ കുറവ് വന്നിട്ടുണ്ട്. ഏപ്രിലിൽ 0.2 ശതമാനമായാണ് ഇറക്കുമതി കുറഞ്ഞത്. യു.എസും ചൈനയും തമ്മിൽ വ്യാപാര ചർച്ച നടത്താനിരിക്കെയാണ് കയറ്റുമതി സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നത്. അതേസമയം, ചൈനയുടെ യു.എസുമായുള്ള വ്യാപാരബന്ധത്തിൽ ഇടിവ് വന്നിട്ടുണ്ട്.
യു.എസ്-ചൈന വ്യാപാര ബന്ധത്തിൽ ഏപ്രിലിൽ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ, ദക്ഷിണ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധത്തിൽ 21 ശതമാനം ഉയർച്ചയുണ്ടായിട്ടുണ്ട്. യുറോപ്യൻ യൂണിയനുമായുള്ള വ്യാപാരബന്ധം എട്ട് ശതമാനം വർധിക്കുകയും ചെയ്തുവെന്ന് മുഡീസ് വ്യക്തമാക്കുന്നു. ഇന്തോനേഷ്യ, തായ്‍ലാൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായാണ് വ്യാപാരം മെച്ചപ്പെട്ടത്.
Show Full Article