കൊറോണ വൈറസ് വുഹാൻ ലാബിൽ നിർമ്മിച്ചതാണെന്ന് അവകാശപ്പെട്ട വൈറോളജിസ്റ്റിനെ ചൈന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടൺ ഡിസി : കൊറോണ വൈറസ് വുഹാനിലെ ലാബിൽ വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെടുകയും, ബെയ്ജിംഗിന്‍റെ പ്രതികാരനടപടികളെ ഭയന്ന് യുഎസിൽ ഒളിച്ചുതാമസിക്കുകയും ചെയ്യുന്ന ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാനെ ചൈന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇപ്പോൾ ബന്ധുക്കളെ ഉപയോഗിച്ച് ചൈനീസ് സർക്കാർ യാനെ തിരികെ വിളിക്കാനും കുറ്റകൃത്യം നടത്താനും ശ്രമിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് വുഹാൻ ലാബിൽ നിർമ്മിച്ചതാണെന്ന് തെളിയിക്കുന്ന രേഖകൾ തന്‍റെ പക്കലുണ്ടെന്ന് 2020ൽ വെളിപ്പെടുത്തിയതോടെയാണ് ലി-മെംഗ് യാൻ വാർത്തകളിൽ ഇടം നേടിയത്. വെളിപ്പെടുത്തലിന് ശേഷം അവർ ചൈനയിൽ നിന്ന് യുഎസിലേക്ക് പലായനം ചെയ്യുകയായിരുന്നു.
ആരോപണങ്ങളും രാഷ്ട്രീയ ബന്ധവും
യാൻ ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രശസ്ത ലാബിൽ ജോലി ചെയ്യവെയാണ് കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചൈനീസ് സർക്കാർ മനഃപൂർവം ഈ വൈറസ് ഉണ്ടാക്കി പുറത്തുവിട്ടെന്നും അത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായെന്നും യാൻ ഉറച്ചുവിശ്വസിക്കുന്നു. ഈ സിദ്ധാന്തം കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയെന്ന് യാൻ പറയുന്നു.
യാന്‍റെ വാദങ്ങളെ പിന്തുണയ്ക്കുന്ന കൺസർവേറ്റീവ് സംഘടനകളുടെ സഹായത്തോടെയാണ് അവർ യുഎസിലേക്ക് രക്ഷപ്പെട്ടത്. തന്‍റെ ഗവേഷണം കാരണം ചൈനീസ് സർക്കാരിന്‍റെ നിരീക്ഷണത്തിലാണെന്നും അവർ ആരോപിക്കുന്നു. ട്രംപിന്‍റെ മുൻ തന്ത്രജ്ഞനായ സ്റ്റീവ് ബാനൺ, പ്രവാസിയായ ചൈനീസ് ശതകോടീശ്വരൻ ഗ്വോ വെൻഗുയി എന്നിവരുമായി ബന്ധമുള്ള ഒരു ഫൗണ്ടേഷനാണ് യാന്‍റെ വിമാന ടിക്കറ്റിനായുള്ള പണം നൽകിയതെന്നും പ്രസിഡന്‍റിന്‍റെ പ്രധാന ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവർ അവസരം ഒരുക്കിയെന്നും ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അഞ്ച് വർഷത്തിലേറെയായി, വൈറസിനെക്കുറിച്ചുള്ള സത്യം മായ്ച്ചുകളയാനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനും വേണ്ടി സിസിപി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി) തന്‍റെ മാതാപിതാക്കളെയും ഭർത്താവിനെയും (മുതിർന്ന വൈറോളജിസ്റ്റ്) തന്നെ തിരികെ വിളിക്കാനുള്ള ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് യാൻ പറഞ്ഞു.
വുഹാനിലെ വൈറസിനെക്കുറിച്ച് അന്വേഷിക്കാൻ സൂപ്പർവൈസർ ആവശ്യപ്പെട്ടപ്പോൾ യാൻ ഭർത്താവ് രനവാക പെരേരയുമൊത്ത് ചൈനയിലാണ് താമസിച്ചിരുന്നത്. വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന് തനിക്കറിയാവുന്ന ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നുവെന്നും വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് ഈ വൈറസുമായി ബന്ധമുണ്ടെന്ന് കിംവദന്തികൾ പരന്നിരുന്നുവെന്നും യാൻ പറയുന്നു. പ്രധാന വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ യാൻ ബെയ്ജിംഗിനെ വിമർശിക്കുന്നവരുമായി ചേർന്ന് സന്ദേശം പ്രചരിപ്പിക്കാൻ തുടങ്ങി.
വിവാഹബന്ധം ഉപേക്ഷിച്ച് യാൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുഎസിലേക്ക് പോയതെന്നാണ് യാനും അനുകൂലികളും വാദിക്കുന്നത്. എന്നാൽ, ഓൺലൈൻ സ്വാധീനമുള്ള ചില വ്യക്തികൾ യാനെ കൊവിഡ്-19 വിദഗ്ദ്ധയായി അവതരിപ്പിച്ച് അവരുടെ വാദങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു എന്നും അവർ സ്വാധീനിക്കപ്പെടുകയായിരുന്നു എന്നും ഭർത്താവ് ഡോ. രനവാക പെരേര അഭിപ്രായപ്പെടുന്നു.
2023ൽ യാനും അവരുടെ കൂട്ടാളിയായ വാങ് ഡിൻഗാങും യുഎസ് നിവാസികൾക്കെതിരെ ചൈനീസ് ദേശീയ പോലീസ് നടത്തുന്ന അടിച്ചമർത്തൽ പ്രചാരണത്തിന്‍റെ ഇരകളായി ന്യൂയോർക്ക് ക്രിമിനൽ പരാതിയിൽ തിരിച്ചറിയപ്പെട്ടിരുന്നു. കൂടാതെ, ഈ വർഷം ആദ്യം യാന്‍റെ പാസ്‌വേഡ് മോഷ്ടിക്കാൻ ഹാക്കിംഗ് ശ്രമത്തിന് അവർ ഇരയായതായി ഗൂഗിളും അവർക്ക് ഇമെയിൽ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. യാൻ തന്‍റെ കുടുംബവുമായി ഇനി ബന്ധം സ്ഥാപിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.
ശ്രീലങ്കൻ വംശജനായ പെരേര 2021-ൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ ജോലിക്ക് ചേരുകയും ഭാര്യയെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. താൻ സ്നേഹിക്കുന്ന വ്യക്തി സുരക്ഷിതയാണോ എന്ന് ഉറപ്പുവരുത്താൻ ഒടുവിലായി ഒരു തവണ സംസാരിച്ചാൽ മതി എന്നാണ് പെരേര പറയുന്നത്. ‘എനിക്ക് അവളുമായി നേരിട്ട് സംസാരിച്ച് അവൾ സുരക്ഷിതയാണെന്ന് ഉറപ്പാക്കണം’ ഡോ. പെരേര പറഞ്ഞു. ‘അവൾ സുരക്ഷിതയാണെങ്കിൽ, എന്നോടൊപ്പം ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, എനിക്ക് മുന്നോട്ട് പോകാൻ കഴിയും. എന്നാൽ എന്ത് സംഭവിച്ചുവെന്ന് അറിയുന്നതുവരെ എനിക്കതിന് കഴിയില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.



